തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യും നടി തൃഷയും തമ്മിലുള്ള സൗഹൃദവും പൊതു സ്ഥലങ്ങളിൽ ഇരുവരും ഒന്നിച്ച് ഇടപെടുന്നതും തുടങ്ങിയ ചർച്ചകൾ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി അംബിക.
വിജയ് ഇപ്പോൾ തമിഴകത്തെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ നേതാവും മുഖ്യമന്ത്രിയുമായി ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വ്യക്തിയാണെന്നും ആ സമയത്ത് ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളും ചിത്രങ്ങളും അദ്ദേഹത്തിന്റെ പ്രതിച്ഛായയെയും രാഷ്ട്രീയ ഭാവികളെയും ദോഷകരമായി ബാധിക്കുമെന്നുമാണ് അംബിക പറയുന്നത്. ഞാൻ തൃഷയുടെ സ്ഥാനത്തായിരുന്നുവെങ്കിൽ ഒരടി പിന്നോട്ട് മാറി അദ്ദേഹത്തിന് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കാതിരിക്കാൻ ശ്രദ്ധിച്ചേനെയെന്നും അംബിക പറഞ്ഞു.
റെഡ് പിക്സ് 24*7 എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് അംബിക തുറന്നുപറഞ്ഞത്.
‘‘ഇൻഡസ്ട്രിയിൽ ഉള്ളവർ തമ്മിൽ നല്ല സൗഹൃദമുള്ള ആളുകളുണ്ട്. എനിക്കും പുരുഷ സുഹൃത്തുക്കളുണ്ട്, ഇന്നത്തെ തലമുറിയിൽപെട്ട കുട്ടികളും അതിലുണ്ട്.
രണ്ടുപേർ തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമുണ്ടെങ്കിൽ, അതിൽ ഒരാൾ ജീവിതത്തിൽ വലിയൊരു പദവിയിൽ എത്തുമ്പോൾ ആ സൗഹൃദം ഉപേക്ഷിക്കണമെന്നോ, അതിന് വേറെ നിറം നൽകണമെന്നോ ഞാൻ പറയില്ല.
ഇപ്പോൾ ലണ്ടനിൽ അവർ ഒരുമിച്ചുപോയെന്ന് പറയുന്നു. തൃഷ അവിടെ ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോയതാണെന്ന് കേൾക്കുന്നു, രാധികയും അതിലൊരു വേഷം ചെയ്യുന്നുണ്ട്. അവർ എവിടെപ്പോയി എന്തൊക്കെ ചെയ്താൽ അതിൽ നമുക്കെന്തു കാര്യം.
എന്നിരുന്നാലും സൗഹൃദത്തിനും ഒരുമാനം കൊടുക്കണം. വ്യക്തിപരമായി ഞാൻ അങ്ങനെയൊരു സാഹചര്യത്തിൽ എങ്ങനെ പെരുമാറും എന്ന് പറയാൻ സാധിക്കും.ഇത് ഞാൻ പറയുന്നത് എന്റെ മാത്രം അഭിപ്രായമാണ്. എനിക്ക് ആരോടെങ്കിലും അടുത്ത സൗഹൃദമുണ്ടാവുകയും, ആ വ്യക്തി സമൂഹത്തിൽ ഉയർന്നൊരു സ്ഥാനത്തിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് കരുതുക.
ഞങ്ങൾ ഒന്നിച്ചു നടക്കുന്നത് ആ സുഹൃത്തിന് അനാവശ്യമായ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ, ഞാൻ ആ സദസുകളിൽ നിന്നും മാറിനിൽക്കും.
ആ സൗഹൃദത്തിന് ശരിയായ മൂല്യം കൽപ്പിക്കുന്ന ആളായിരിക്കണം ഞാൻ. ഇപ്പോൾ ഒരേപോലുള്ള വസ്ത്രം ധരിച്ച് ചടങ്ങുകൾക്ക് പോകുന്നതിനെക്കുറിച്ചും ലണ്ടനിൽ പോകുന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോൾ ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്റെ പേരിൽ അവിടെയൊരു നെഗറ്റിവ് അയാൾക്ക് വരുമെങ്കിൽ ആ സാഹചര്യങ്ങളെല്ലാം ഞാൻ ഒഴിവാക്കും. അതാണ് എന്റെ അഭിപ്രായം.
ഇങ്ങനെയാകുമ്പോൾ ആളുകളുടെ മനസ്സിലും വിഷമം ഉണ്ടാകും. അതുകൊണ്ട് ആ സൗഹൃദത്തിന് യഥാർഥത്തിൽ മൂല്യം നൽകി നമ്മളും കുറച്ച് ജാഗ്രതയോടെ പെരുമാറണം.
പിന്നെ, കുടുംബ പ്രശ്നങ്ങൾ ഇല്ലാത്ത ആരെങ്കിലും ഉണ്ടോ? 98 ശതമാനം ആളുകളുടെ ജീവിതത്തിലും എന്തെങ്കിലും തരത്തിലുള്ള കുടുംബപ്രശ്നങ്ങൾ കാണും. അതിനെയൊക്കെ വീണ്ടും വീണ്ടും വലിച്ച് പുറത്തിട്ട് ആഘോഷിക്കുന്നത് തെറ്റാണ്. കുടുംബത്തെയും ജനങ്ങളുടെ വികാരങ്ങളെയും നമ്മൾ ബഹുമാനിക്കണം.
എന്നുവച്ച്, മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി ചോദ്യം ചോദിക്കാൻ ഞാൻ ആളല്ല. പണ്ട് 'യെല്ലോ ജേണലിസം' എന്നൊക്കെയാണ് ഇതിനെ വിളിച്ചിരുന്നത്. എന്നാൽ ഇന്നിപ്പോൾ ചില യൂട്യൂബ് ചാനലുകളും മാധ്യമങ്ങളും ചെയ്യുന്നത് വെറും 'പച്ചപ്പച്ചയായ' അശ്ലീല പ്രചാരണങ്ങളാണ്. ഇത്തരം വാർത്തകൾക്ക് അറുതിവരുത്താൻ നമ്മൾ ഒരു 'റെഡ് അലർട്ട്' കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.’ അംബിക പറഞ്ഞു.