കാസര്‍ഗോഡ്: തളങ്കര നുസ്രത്ത് നഗറില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി സജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി നാസറിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ടി.എച്ച്. രജിതയാണ് ശിക്ഷ വിധിച്ചത്. 2021 ഒക്ടോബര്‍ 31നു രാത്രി 8.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ക്വാർട്ടേഴ്സില്‍ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ പണം കാണാതയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവദിവസം ക്വാര്‍ട്ടേഴ്സിലെ മറ്റൊരു താമസക്കാരനായ മുസമ്മിലിനൊപ്പം പ്രതി നാസര്‍ തന്റെ മുറിയില്‍ ചീട്ടുകളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ മുറിയിലെത്തിയ സജിത്തുമായി വാക്കുതര്‍ക്കമുണ്ടാവുകയും പ്രകോപിതനായ പ്രതി തൊട്ടടുത്ത് തമിഴ്നാട് സ്വദേശികള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് കത്തിയെടുത്ത് സജിത്തിന്റെ വയറ്റില്‍ കുത്തുകയുമായിരുന്നു. കുത്തേറ്റതിനു പിന്നാലെ ഓടിരക്ഷപ്പെട്ട പ്രതിയെ സജിത്ത് പിന്തുടര്ന്നെങ്കിലും സമീപത്തെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു. പിറ്റേന്ന് രാവിലെയാണ് സജിത്തിനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
കേസില്‍ ദൃക്സാക്ഷിയായ പ്രതിയുടെ സുഹൃത്ത് മുസമ്മിലിന്റെ മൊഴി കോടതി നിര്‍ണായക തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകളും ഏഴു തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
കാസര്‍ഗോഡ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്ഐ എം.വി. വിഷ്ണുപ്രസാദ് പ്രാഥമിക അന്വേഷണം നടത്തുകയും തുടരന്വേഷണം പൂര്‍ത്തിയാക്കി ഇന്‍സ്പെക്ടര്‍ പി. അജിത് കുമാര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ലോഹിതാക്ഷന് ഇടയില്ലം ഹാജരായി.