സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും ഗ്രീസിൽ വെച്ച് വിവാഹിതരായ വാർത്തയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു എന്നാൽ വാർത്തകൾക്ക് പിന്നാലെ ശ്രദ്ധനേടുന്നത് ഇരുവരുടെയും വിവാഹവേദിയുടെ അലങ്കാരങ്ങളാണ്.
ഗ്രീസിന്റെ സൗന്ദര്യത്തോട് ചേർന്നുനിൽക്കുന്ന രീതിയിൽ ഒരുക്കിയ വിവാഹ വേദിയുടെ അലങ്കാരങ്ങളാണ് വിവാഹവേദിയിൽ കാണാൻ സാധിക്കുന്നത്. 'എ ന്യൂ നോട്ട്' എന്ന വെഡിംഗ് പ്ലാനിംഗ് കമ്പനിയാണ് ഈ സ്വപ്നതുല്യമായ വേദി ഒരുക്കിയത്.
മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഈ അലങ്കാരങ്ങൾ പൂർത്തിയാക്കിയതെന്ന് സംഘാടകർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. "മനസിൽ കണ്ട കാഴ്ചകൾ കൺമുന്നിൽ യാഥാർഥ്യമാകുന്നതും, പ്രിയപ്പെട്ടവരെല്ലാം അതിനുള്ളിൽ നിൽക്കുന്നതും കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷവും അഭിമാനവും വാക്കുകൾക്കതീതമാണ്," അവർ കുറിച്ചു.
അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കി, മനസിന് ശാന്തത നൽകുന്ന രീതിയിൽ ലളിതവും മനോഹരവുമായ ഒരു അന്തരീക്ഷമായിരുന്നു അനിരുദ്ധും കാവ്യയും ആഗ്രഹിച്ചത്. മനോഹരമായ ഈജിയൻ കടലായിരുന്നു വിവാഹ വേദിയുടെ പ്രധാന പശ്ചാത്തലം. കടലിന്റെ ഭംഗി ഒട്ടും ചോർന്നുപോകാത്ത രീതിയിൽ ഐവറി, ബട്ടർ യെല്ലോ, ഷാംപെയ്ൻ എന്നീ നിറങ്ങളാണ് അലങ്കാരങ്ങൾക്കായി തെരഞ്ഞെടുത്തത്.
പട്ട്, മുത്തുകൾ, റോസാപ്പൂക്കൾ, ഹൈഡ്രാഞ്ചിയ പൂക്കൾ, കണ്ണാടികൾ എന്നിവയിലെല്ലാം ഈ നിറങ്ങളുടെ മനോഹരമായ സമന്വയം കാണാമായിരുന്നു. അലങ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു വേദിയിൽ ഒരുക്കിയ കണ്ണാടിപ്പാത. വേദിയിലെ ഓരോ പൂവിനെയും ഇതളുകളെയും ഇത് ഇരട്ടിയായി പ്രതിഫലിപ്പിച്ചു. അതിലുപരിയായി, ആകാശത്തിന്റെ നിറഭേദങ്ങളെ ഈ കണ്ണാടിപ്പാത തങ്ങളിലേക്ക് ആവാഹിച്ചു.
സമയം കടന്നുപോകുന്നതിനനുസരിച്ച് പകലിന്റെ മൃദുവായ വെളിച്ചത്തിൽ നിന്ന് സ്വർണനിറത്തിലേക്കും, സന്ധ്യയാകുമ്പോൾ പിങ്ക്-വയലറ്റ് നിറങ്ങളിലേക്കും ഈ തറ മാറിക്കൊണ്ടിരുന്നു. ഇതോടെ വിവാഹ വേദിയുടെ ഭാവം തന്നെ മാറിമറിഞ്ഞുവെന്ന് ഡിസൈനർമാർ വ്യക്തമാക്കുന്നു. പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന രീതിയിൽ, തികച്ചും സ്വാഭാവികമായാണ് പൂക്കളും മറ്റ് അലങ്കാരങ്ങളും വേദിയിൽ ക്രമീകരിച്ചിരുന്നത്.
നവംബർ 11-ന് നടന്ന ഈ ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൽ രജനികാന്ത്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങി സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.