Kerala
കണ്ണൂർ: അങ്കണവാടി വർക്കർമാരുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നൽകിയ ഫോൺ ഭാരമാകുന്നതിനൊപ്പം അമിതജോലിക്കും ഇടയാക്കുന്നു.
2018ലായിരുന്നു കേന്ദ്ര സർക്കാരിന്റെ 60 ശതമാനം ഫണ്ടും സംസ്ഥാന സർക്കാരിന്റെ 40 ശതമനം ഫണ്ടും ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ അങ്കണവാടി വർക്കർമാർക്ക് ഫോണുകൾ നൽകിയത്. ക്സോളോ (Xolo) എന്ന കന്പനിയുടെ ഫോണുകളായിരുന്നു വിതരണം ചെയ്തത്. ഏഴു വർഷത്തോളം പഴക്കമുള്ള ഫോണുകൾ ഭൂരിപക്ഷവും ഇന്നു ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത നിലയിലാണെങ്കിലും പുതിയ ഫോണുകൾ നൽകിയിട്ടില്ല.
അങ്കണവാടികളിലെ കുട്ടികളുടെ ഹാജർനില, പ്രദേശത്തെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആറുമാസം മുതൽ മൂന്നു മാസം വരെ പ്രായമുള്ള കുട്ടികൾക്കുമുള്ള പോഷകാഹാര വിതരണം എന്നിവയുടെ വിവരങ്ങൾ ഫോണിലെ സോഫ്റ്റ്വേർ ഉപയോഗിച്ചാണു മേഖലാ ഓഫീസുകളിലേക്കും ജില്ലാ ഓഫീസുകളിലേക്കും അയയ്ക്കേണ്ടത്. അങ്കണവാടികളിലെത്തി പോഷകാഹാരം വാങ്ങുന്നവരുടെ മുഖം ഫോട്ടോയെടുത്ത് അയയ്ക്കേണ്ടതുണ്ട്. എന്നാൽ, കാലഹരണപ്പെട്ട ഫോണിലൂടെ ഇത് സാധ്യമാകുന്നില്ലെന്ന് വർക്കർമാർ പറയുന്നു.
നെറ്റ് വർക്ക് ലഭ്യമല്ലാത്ത അവസ്ഥയുമുണ്ട്. അങ്കണവാടി വർക്കർമാർക്ക് സംസ്ഥാന സർക്കാർ പ്രതിമാസം നെറ്റ് ചാർജ് ചെയ്തു കൊടുക്കുന്നുണ്ടെങ്കിലും ഫോൺ പ്രവർത്തനക്ഷമമല്ലാത്തതിനാൽ ഇത് ഉപയോഗപ്പെടുത്താനും കഴിയുന്നില്ല. പലരും തങ്ങളുടെ സ്വന്തം ഫോൺ ഉപയോഗപ്പെടുത്തിയാണ് കാര്യങ്ങൾ ചെയ്യുന്നത്. ഇത് സാന്പത്തിക ബാധ്യതയ്ക്കും ഇടയാക്കുന്നുണ്ട്.
പുതിയ ഫോൺ വിതരണം ചെയ്യുന്നതിനു കേന്ദ്ര സർക്കാർ 2024ൽ ഫണ്ട് അലോട്ട് ചെയ്യുകയും 2025ൽ പാസാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ടുള്ള മറ്റു നടപടികൾ സ്വീകരിച്ചിട്ടില്ല. ജോലി ഭാരം കുറയ്ക്കാനായി ഫോൺ ഉപയോഗപ്പെടുത്തി തുടങ്ങിയെങ്കിലും അതിനു മുന്‍പ് രജിസ്റ്ററിൽ വിവരങ്ങൾ എഴുതി ച്ചേര്‍ക്കുന്ന രീതി അവസാനിപ്പിച്ചിരുന്നില്ല. ഇതു കാരണം ഫോണിൽ അപ്ലോഡ് ചെയ്യുന്നതിനൊപ്പം രജിസ്റ്ററിലും കാര്യങ്ങൾ രേഖപ്പെടുത്തേണ്ടി വരുന്നുണ്ട്. ജോലി ഭാരം കുറയ്ക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയിലൂടെ ഒരു കാര്യം തന്നെ രണ്ടു പ്രാവശ്യം ചെയ്യേണ്ട അവസ്ഥയാണ് അങ്കണവാടിവർക്കർമാർ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ പല അങ്കണവാടിവർക്കർമാരെയും ബിഎൽഒമാരായി നിയോഗിച്ചതും ജോലിഭാരം ഇരട്ടിപ്പിക്കുന്നുണ്ട്.
സ്വന്തം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിലെ വർക്കർമാർക്ക് സാന്പത്തിക ബാധ്യതയും സഹിക്കേണ്ടി വരുന്നുണ്ട്. അങ്കണവാടികളുടെ സ്വന്തം കെട്ടിടങ്ങൾ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ പേരുകളിലാണു രജിസ്റ്റർ ചെയ്യുക.
എന്നാൽ ഇവിടങ്ങളിലെ വൈദ്യുതി ബിൽ, വെള്ളക്കരം എന്നിവ അങ്കണവാടി വർക്കർ തനിക്കു ലഭിക്കുന്ന ഓണറേറിയത്തിൽ നിന്നുമാണ് നൽകേണ്ടി വരുന്നത്. കൂടാതെ അങ്കണവാടികളിലെ കുട്ടികൾക്ക് വ്യത്യസ്തങ്ങളായ വിഭവങ്ങളുണ്ടാക്കാൻ അരി പൊടിക്കൽ ഉൾപ്പെടെയുള്ളവയുടെ ചെലവും ഇവർതന്നെ കണ്ടെത്തണം.
District News
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിലെ തൃക്കോയിക്കല്‍ വാര്‍ഡില്‍ സ്മാര്‍ട്ട് അങ്കണവാടി എന്ന പ്രഖ്യാപനം സാക്ഷാത്കരിച്ചിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് വാങ്ങി നല്കിയ പത്ത് സെന്റ് ഭൂമിയില്‍ പുനലൂര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയില്‍ സ്മാര്‍ട്ട് അങ്കണവാടി നിര്‍മിച്ചത്. വാര്‍ഡ് അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പി.എസ്. സുപാല്‍ എംഎല്‍എ അങ്കണവാടി നാടിന് സമര്‍പ്പിച്ചു.
ഏരൂര്‍ പഞ്ചായത്തില്‍ മാത്രം 350 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയതെന്നും ഏരൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ കളിസ്ഥലം നവീകരിക്കുന്നതിനായി അഞ്ചുകോടി രൂപയുടെ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും എംഎല്‍എ പറഞ്ഞു. എസി അടക്കമുള്ള സൗകര്യങ്ങളോടെയാണ് അങ്കണവാടികള്‍ സ്മാര്‍ട്ട് ആകുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാമുരളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രാസിഡന്റ് വി. രാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശോഭ, സ്ഥിരം സമിതി അധ്യക്ഷന്‍ ഡോണ്‍ വി രാജ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയന്, ആതിര നാരായണന്, ഗൗരിപ്രിയ തുടങ്ങി ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തകര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രസംഗിച്ചു.