വൈക്കം: കൃഷി, മൃഗസംരക്ഷണം, നഗര നവീകരണം, വിനോദസഞ്ചാരം തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നൽകി വൈക്കം നഗരസഭാ ബജറ്റ് . നഗരസഭാ ചെയർമാൻ കെ.ജി. അബ്ദുൾ സലാം റാവുത്തറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് 60,40,88,964 രൂപ വരവും 50,52,89,299 രൂപ ചെലവും 9,87,99,665 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് അവതരിപ്പിച്ചു.
നഗരത്തിലെ തരിശുപാടങ്ങൾ കൃഷിയോഗ്യമാക്കുന്നതിനും സമഗ്ര തെങ്ങുകൃഷി വികസനത്തിനും അടുക്കളത്തോട്ട കൃഷി വ്യാപനത്തിനും കാർഷികോത്പന്നങ്ങൾ വിറ്റഴിക്കാൻ ചന്തകൾ, വൈക്കം ബ്രാൻഡ് അരി, കാൻസർ രോഗികൾക്ക് വിഷരഹിത ഭക്ഷണമൊരുക്കാൻ പച്ചക്കറിത്തോട്ടങ്ങൾ തുടങ്ങിയവ ഒരുക്കും.
പാലുത്പാദനം വർധിപ്പിക്കാൻ കന്നുകുട്ടി പരിപാലന പദ്ധതി, നഗര നവീകരണത്തിനായി കേന്ദ്ര-സംസ്ഥാന സഹകരത്തോടെ പദ്ധതികൾ, വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകൾ ആഴംകൂട്ടി നവീകരണം, കായലോരബീച്ചിൽ ഹാപ്പിനസ് പാർക്ക്, ഓപ്പൺ ജിം, ബോട്ടിംഗ്, ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം ഓപ്പൺ സ്റ്റേജ്, താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയ്ക്ക് സംവിധാനം തുടങ്ങിയവയാണ് ബജറ്റിൽ വിഭാവനം ചെയ്യുന്ന പ്രധാന പദ്ധതികൾ.