മോഹൻലാൽ–അനൂപ് സത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജലഛായ ചിത്രത്തിന്റെഫീലിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. രണ്ടു പെൺകുട്ടികൾക്കൊപ്പം പുഞ്ചിരിയോടെ ഇരിക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാനാകുക.
പല നിറത്തിലുള്ള സഡാക്കോ കൊക്കുകൾ ഉണ്ടാക്കുന്ന ഒരു പെൺകുട്ടിയും മോഹൻലാലിനോട് ആംഗ്യഭാഷയിൽ ‘ഐ ലവ് യു’ എന്നു കാണിക്കുന്ന പെൺകുട്ടിയേയും പോസ്റ്ററിൽ കാണാം. മോഹൻലാലും ‘ഐ ലവ് യു’ എന്ന് കാണിക്കുന്നുണ്ട്.
‘എൽ 368’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ഈ ടൈറ്റിൽ എഴുതിയിരിക്കുന്നതിലും ഒരു സൈൻ ലാംഗ്വേജ് എലമെന്റ് ചേർത്തിട്ടുണ്ട്.
അതേസമയം, ചിത്രം ഒരു കോമഡി ആക്ഷൻ ത്രില്ലറാകും എന്നാണ് സൂചന. ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് തന്നെയാണ്. ‘ബൾട്ടി’ സിനിമയുടെ നിർമാതാവായ ബിനു ജോർജ് അലക്സാണ്ടറും ആശിർവാദ് സിനിമാസും ചേർന്നാണ് നിർമാണം.
ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ‘ഭ്രമയുഗം’, ‘ഉള്ളൊഴുക്ക്’, ‘ഡീയസ് ഈറ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹ്നാദ് ജലാൽ ആണ് ക്യാമറ.
സംവിധായകൻ അനൂപ് സത്യൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റ് നിർവഹിക്കുന്നത്. സിങ്ക് സൗണ്ടിലാണ് ചിത്രം ഒരുക്കുന്നത്. ലൊക്കേഷൻ സൗണ്ടും സൗണ്ട് ഡിസൈനും നിർവഹിക്കുന്നത് അനിൽ രാധാകൃഷ്ണനാണ്.
.‘ആടുജീവിതം’ സിനിമയിലൂടെ ശ്രദ്ധേയനായ പ്രശാന്ത് മാധവ് ആണ് മോഹൻലാൽ–അനൂപ് സത്യൻ സിനിമയുടെ കലാസംവിധായകൻ. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. ‘ലൂസിഫർ’, ‘എംപുരാൻ’ തുടങ്ങിയ സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനർ ആയിരുന്ന സുജിത് ആണ് ഈ പുതിയ ചിത്രത്തിന് കോസ്റ്റ്യൂം ഒരുക്കുക. പിആർഒ- വാഴൂർ ജോസ്.