ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ ഇന്ത്യ സഖ്യം സംഘടിപ്പിച്ച ‘ചലോ ദില്ലി’ മാർച്ചും രാംലീല മൈതാനത്തെ റാലിയും അവസാനിച്ചതിനു പിന്നാലെ കോൺഗ്രസിനെതിരേ കടന്നാക്രമണവുമായി ബിജെ.പി.
1984ലെ സിക്ക് വിരുദ്ധ കലാപത്തിന്റെ വാർഷിക ദിനത്തിൽത്തന്നെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഇത്തരമൊരു കൂറ്റൻ മാർച്ച് നടത്തിയത് ഇരകളുടെ മുറിവിൽ ഉപ്പു പുരട്ടുന്നതിനു സമാനമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി.
ആയിരങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ട ഇരുണ്ട ദിനത്തിൽ പ്രതിഷേധം സംഘടിപ്പിച്ചതിലൂടെ സ്നേഹത്തിനു പകരം വെറുപ്പിന്റെ സന്ദേശമാണ് കോൺഗ്രസ് നൽകാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിക്ക് വിരുദ്ധ കലാപത്തിന്റെ വാർഷികദിനത്തിൽ പ്രതിഷേധറാലി നടത്തരുതെന്ന് ബിജെപി പരസ്യമായി അഭ്യർഥിച്ചിരുന്നെങ്കിലും കോൺഗ്രസ് അത് പൂർണമായും അവഗണിക്കുകയായിരുന്നുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ഷായ്ക്കു പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയും പ്രതിപക്ഷത്തിനെതിരേ രംഗത്തെത്തി. ജനഹിതം അംഗീകരിക്കാൻ തയാറാകാത്തതിനാലാണു കോൺഗ്രസ് ഭരണഘടനാസ്ഥാപനങ്ങളെ നിരന്തരം കുറ്റപ്പെടുത്തുന്നതെന്ന് നിതിൻ നബീൻ പറഞ്ഞു. രാഹുൽ ഗാന്ധിയെ കേന്ദ്രീകരിച്ചുള്ള രാജഭരണം അവസാനിപ്പിച്ച് ഇന്ത്യസഖ്യത്തിനുള്ളിൽ ആദ്യം ജനാധിപത്യം സ്ഥാപിക്കാൻ അദ്ദേഹം വെല്ലുവിളിച്ചു.
കോൺഗ്രസിന്റെ പതനത്തിന്റെ പെട്ടിയിലെ അവസാന ആണിയായി രാംലീലയിലെ മഹാറാലി മാറുമെന്ന് ജെ.പി. നഡ്ഡ പരിഹസിച്ചു. നവംബർ ഒന്ന് രാജ്യത്തിന്റെ ജനാധിപത്യചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും കോൺഗ്രസ് പിന്തുണച്ച ഗുണ്ടകൾ സിക്കുകാരെ കൂട്ടക്കൊല ചെയ്തതിന്റെ ഓർമദിനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ സഖ്യം മാർച്ച് പ്രഖ്യാപിച്ചതുമുതൽ നവംബർ ഒന്നിന്റെ ഓർമകളെ ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരുന്നു.
രാജ്യമൊട്ടാകെ മാർച്ചുകൾ സംഘടിപ്പിക്കും
അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകൂടി ലക്ഷ്യം വച്ചാണ് ബിജെപിയുടെ ഈ നീക്കം. കലാപത്തിൽ ഏറ്റവും കൂടുതൽ സിക്കുകാർ കൊല്ലപ്പെട്ട ഡൽഹിയിലെ തിലക് നഗർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ബിജെപി ഇന്നലെ പ്രത്യേക പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
വരുംദിവസങ്ങളിൽ വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനും പ്രതിപക്ഷത്തിനെതിരേ രാജ്യമൊട്ടാകെ മാർച്ചുകൾ സംഘടിപ്പിക്കാനുമാണ് ബിജെപി തീരുമാനം.