യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ വി.ഡി. സതീശന് നന്ദി പറഞ്ഞ് നിർമാതാവ് ആന്റോ ജോസഫ്.
ചരിത്രത്തിലാദ്യമായി സിനിമാമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നും സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി സിനിമാപ്രവർത്തകർ ഉയർത്തുന്ന ആവശ്യമായിരുന്നുവെന്നും ആന്റോ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
‘‘ചരിത്രത്തിലാദ്യമായി സിനിമാമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദിയോടെ അഭിവാദ്യങ്ങൾ.
സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി സിനിമാപ്രവർത്തകർ ഉയർത്തുന്ന ആവശ്യമായിരുന്നു. പക്ഷേ ആരും ഇതേവരെ അത് ചെവിക്കൊണ്ടിരുന്നില്ല.
പക്ഷേ പുതുയുഗ കേരളം ലക്ഷ്യമിടുന്ന വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ആദ്യ ബജറ്റിൽ തന്നെ ആ ചരിത്രപ്രഖ്യാപനം നടത്തിയിരിക്കുന്നു.
വ്യവസായ പദവി കിട്ടുന്നതോടെ സിനിമയുടെ സമസ്തമേഖലകളിലും വളർച്ചയ്ക്കുള്ള കളമൊരുങ്ങും. നഷ്ടക്കണക്കുകളിൽ ഉഴലുന്ന ചലച്ചിത്രരംഗത്തിന് ജീവശ്വാസം കിട്ടും. ഈ ചുവടുവയ്പ് കാലത്തിന്റെ ആവശ്യം കൂടിയായിരുന്നു. ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസാരകാര്യമല്ല.
അതുപോലെതന്നെ മലയാളസിനിമയുടെ പിതാമഹൻ ശ്രീ. ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റിക്കായി 100 കോടി വകയിരുത്തിയ തീരുമാനവും സിനിമാമേഖലയോട് ഈ സർക്കാരിനുള്ള കരുതലിന്റെ മറ്റൊരു അടയാളമാണ്.
നമ്മുടെ സിനിമകളൊരുക്കാൻ മറ്റ് നാടുകൾ തേടിപ്പോകേണ്ട അവസ്ഥ ഇതോടെ അവസാനിക്കും. ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയും, ദേശീയ രാജ്യാന്തര സിനിമാ നിർമാണത്തെ ആകർഷിക്കുന്നതിനുള്ള അന്തരീക്ഷവും ഒരുക്കുമെന്ന പ്രഖ്യാപനവും ആന്റി പൈറസി സെൽ രൂപീകരിക്കുമെന്ന വാഗ്ദാനവും സിനിമാപ്രവർത്തകർക്ക് നൽകുന്ന ആത്മവിശ്വാസവും ആർജവവും ചെറുതല്ല. സിനിമയെ കൈവെള്ളയിലെന്നോണം കാത്ത സർക്കാരിന് ഒരിക്കൽകൂടി കടപ്പാട്,സ്നേഹം.’’ ആന്റോ ജോസഫിന്റെ വാക്കുകൾ.