കോട്ടയം: ദീപികയ്ക്ക് ആരോടും വേര്‍തിരിവുകളില്ലെന്നും തുല്യതയാണ് ദീപികയുടെ മുഖമുദ്രയെന്നും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടി ക്കാട്ട്.
ദീപിക സത്യം മാത്രമേ പറയൂ. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ദീപിക. തുല്യതയ്ക്കായാണ് ദീപിക പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദീപികയുടെ 140-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയത്തു നടന്ന വിളംബര റാലിയുടെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്.
ഇന്നലത്തെ ദീപികയുടെ പ്രധാനവാർത്തയിലെ ലെയോ മാർപാപ്പയുടെ നിലപാടു ചൂണ്ടിക്കാട്ടി, ദീപിക ആരെയും ഭയപ്പെടുന്നില്ലെന്നും ദീപികയ്ക്ക് ഭയം സര്‍വശക്തനായ ദൈവത്തെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ദീപികയുടെ മുഖപ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ അത് മനസിലാകും. ദീപികയുടെ അഭിപ്രായ സ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവ് വയ്ക്കില്ല. നിലപാടുകളില്‍ ദീപികയ്ക്ക് തെല്ലും മാറ്റമില്ല.
സത്യദൂതികയ്ക്ക് 140 ദീപ്തവര്‍ഷങ്ങള്‍ എന്നതാണ് ശതോത്തര റൂബി ജൂബിലി വര്‍ഷത്തെ ദീപികയുടെ ആപ്തവാക്യം.ദീപികയുടേത് സത്യമുള്ള കാഴ്ചപ്പാടാണ്. അഭിപ്രായങ്ങള്‍ ആരുടെ മുന്നിലും തുറവിയോടെ പറയും. അവഗണിക്കപ്പെടുന്നവരുടെ ശബ്ദമായി ദീപിക പ്രശോഭിക്കും.
140-ാം വയസിലേക്ക് ദീപിക പ്രവേശിക്കുമ്പോള്‍ പ്രഥമ പ്രത്രാധിപരായിരുന്ന നിധീരിക്കൽ മാണിക്കത്തനാർ പ്രഖ്യാപിച്ച നിലപാടുകളും തുടങ്ങിവച്ച പാരമ്പര്യങ്ങളും അണുവിട വ്യത്യാസമില്ലാതെ ഏറ്റുപറയാനും പ്രതിഷ്ഠിക്കാനും ദീപിക കുടുംബത്തിലെ ഓരോരുത്തരും സുസജ്ജരാണ്.
മലയാളക്കരയ്ക്ക് സിഎംഐ സന്യാസ സമൂഹത്തിലൂടെ കത്തോലിക്കാ സഭ നല്കിയ നൂറ്റാണ്ടുകൾ നിലനിൽക്കുന്ന വിഷുക്കൈ നീട്ടമാണ് ദീപികയെന്നും ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു.