ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ പ്രിയ വർഗീസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. പ്രിയ വർഗീസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വരൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജസ്റ്റീസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയ് എന്നിവരുൾപ്പെട്ട ബെഞ്ച് കേസ് ഈമാസം 23ലേക്കു മാറ്റിവച്ചത്.
കണ്ണൂർ സർവകലാശാലയ്ക്കുവേണ്ടി പുതിയ അഭിഭാഷകൻ സുൾഫിക്കർ അലിയും മുൻ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനുമാണ് കോടതിയിൽ ഹാജരായത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കേസില്‍ ഇടതുപക്ഷ സഹയാത്രികനായ സുഭാഷ് ചന്ദ്രനാണ് സർവകലാശാലയ്ക്കുവേണ്ടി ഹാജരായിക്കൊണ്ടിരുന്നത്.
കേസ് ഇന്നലെ പരിഗണിക്കാനിരിക്കെയാണ് അഭിഭാഷകനെ മാറ്റി സംസ്ഥാനസര്‍ക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസൽ സുല്‍ഫിക്കര്‍ അലിയെ നിയമിച്ചത്.