ദേവാലയങ്ങളിലെ അൾത്താരകളിൽ അതിമനോഹരമായ വസ്ത്രങ്ങളണിഞ്ഞ്, തികഞ്ഞ ശാന്തതയോടെ നിൽക്കുന്ന അപ്പസ്തോലന്മാരുടെ രൂപങ്ങൾ നമുക്ക് സുപരിചിതമാണ്. എന്നാൽ ഈ പുണ്യരൂപങ്ങൾക്ക് പെട്ടെന്ന് ജീവൻ വച്ചാലോ?
അവർക്കും നമ്മെപ്പോലെ ഭയവും സങ്കടവും വേദനകളും ചോരയുമൊക്കെയുള്ള പച്ചയായ മനുഷ്യരായിരുന്നു എന്ന് തിരിച്ചറിഞ്ഞാലോ? ചരിത്രവും ഭാവനയും കോർത്തിണക്കി ഡോ. നെൽസൺ തോമസ് രചിച്ച "അപ്പസ്തോലന്മാരുടെ രണ്ടാം പുസ്തകം' എന്ന നോവൽ വായനക്കാർക്ക് സമ്മാനിക്കുന്നത് ഈയൊരു തിരിച്ചറിവാണ്.
മലയാള ക്രൈസ്തവ സാഹിത്യത്തിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത "ഹിസ്റ്റോറിക്കൽ ത്രില്ലർ' ഗണത്തിൽ പെടുത്താവുന്ന മികച്ചൊരു രചനയാണിത്. ആദ്യകാല സഭാചരിത്രത്തെ ഒരു ഉദ്വേഗജനകമായ മിസ്റ്ററി നോവലായാണ് ഗ്രന്ഥകാരൻ അവതരിപ്പിച്ചിരിക്കുന്നത്.
വഞ്ചകനെന്ന് ചരിത്രം മുദ്രകുത്തിയ യൂദാസ് എന്തിനുവേണ്ടി മരിച്ചു എന്നറിയാൻ, അവന്റെ സഹോദരനായ യോഥാം നടത്തുന്ന അന്വേഷണങ്ങളിലൂടെയാണ് വായനക്കാർ ഈ നോവലിലേക്ക് പ്രവേശിക്കുന്നത്.
ഈ രഹസ്യാന്വേഷണം ചെന്നെത്തുന്നത് ആദ്യകാല ക്രിസ്തുമതത്തിന്റെ ആഴങ്ങളിലേക്കും അന്നത്തെ രാഷ്ട്രീയ പശ്ചാത്തലങ്ങളിലേക്കുമാണ്. ചരിത്രത്തെ കേവലം സംഭവങ്ങളുടെ ഒരു വിവരണമായി കാണാതെ, അതിന് പിന്നിലെ മനഃശാസ്ത്രത്തെ വായിച്ചെടുക്കാൻ ഈ നോവൽ ശ്രമിക്കുന്നുണ്ട്.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പൗലോസ് ശ്ലീഹായുടെ മാനസാന്തരം. ദമാസ്കസിലേക്കുള്ള യാത്രാമധ്യേ ആകാശത്തുനിന്നൊരു പ്രകാശം കണ്ട് സാവൂൾ നിലംപതിച്ചു എന്ന് ബൈബിൾ പറയുന്നു.
എന്നാൽ കടുത്ത തീവ്രവാദിയായ ഒരാളുടെ മനസ് ഒറ്റയടിക്ക് മാറുമോ? ആ അത്ഭുതത്തിന് മുൻപ് ആ മനുഷ്യൻ കടന്നുപോയ തീവ്രമായ മാനസിക സംഘർഷങ്ങളെയും സംശയങ്ങളെയും വളരെ ലോജിക്കലായി നോവൽ വരച്ചുകാട്ടുന്നു.
അതുപോലെതന്നെ, ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ചിതറിപ്പോയ അപ്പസ്തോലന്മാരുടെ രക്തസാക്ഷിത്വത്തെ വളരെ റിയലിസ്റ്റിക് ആയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.
വിശ്വാസത്തെയും യുക്തിയെയും ഭാവനയുടെ നൂലിൽ അതിമനോഹരമായി കോർത്തിണക്കിയ ഈ കൃതി, ആധുനിക കാലത്തെ വായനക്കാർക്ക്, പ്രത്യേകിച്ചും യുവതലമുറയ്ക്ക് സഭാചരിത്രത്തെ പുതിയൊരു കണ്ണിലൂടെ കാണാൻ അവസരമൊരുക്കുന്നു.
ബൈബിൾ വായനയ്ക്കപ്പുറം, ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ മനുഷ്യസഹജമായ പോരാട്ടങ്ങളെ അടുത്തറിയാൻ ആഗ്രഹിക്കുന്ന ഏതൊരാളും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് അപ്പസ്തോലന്മാരുടെ രണ്ടാം പുസ്തകം.