National
ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടനാ ഭേദഗതിക്കുള്ള “നാരീശക്തി വന്ദൻ അധീനിയം’ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.
ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിന് മണ്ഡല പുനർനിർണയ നിയമത്തിൽ ഭേദഗതി വരുത്തുന്ന മറ്റൊരു ബില്ലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഏപ്രിൽ 16 മുതൽ ചേരുന്ന ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയിൽ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കും.
2011ലെ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വനിതാ സംവരണം നടപ്പാക്കുക. ബില്ലുകൾ പാർലമെന്റ് പാസാക്കിയാൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽനിന്ന് 816 ആകും. വർധിക്കുന്ന 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. 2029ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ വനിതാ സംവരണം പ്രാബല്യത്തിൽ വരും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സർക്കാർ നിലപാട് അറിയിച്ചിരുന്നു. എന്നാൽ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ പാർട്ടികൾ ബില്ലിന്റെ കരടുരൂപം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ചകളിൽനിന്ന് വിട്ടുനിന്നു.
ന്യൂഡൽഹി: വനിതാ സംവരണം സംബന്ധിച്ച ബില്ലിനെ എല്ലാ എംപിമാരും പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വനിതാ സംവരണ നിയമ ഭേദഗതി കോടിക്കണക്കിന് ഇന്ത്യൻ സ്ത്രീകളുടെ അഭിലാഷത്തിന്റെ പ്രതിഫലനമാണെന്നും മോദി തന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ലേഖനത്തിൽ പറഞ്ഞു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും വനിതാ സംവരണത്തോടെ നടപ്പാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ട്രാൻസ്ജെൻഡർ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ലൈംഗികവ്യക്തിത്വം സ്വയം നിർണയിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന ബിൽ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചായിരുന്നു ബില്ല് കഴിഞ്ഞദിവസം പാർലമെന്റിൽ പാസാക്കിയത്.
മാർച്ച് 30ലെ നിയമമന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് ഭേദഗതി ചെയ്യപ്പെട്ട നിയമം കേന്ദ്രസർക്കാർ തീരുമാനിക്കുന്ന ഒരു തീയതിയിൽ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിലൂടെ പ്രാബല്യത്തിൽ വരും.
ട്രാൻസ്ജെൻഡർ വ്യക്തികളെ ശരിയായതും കൃത്യവുമായ രീതിയിൽ തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനും ട്രാൻസ്ജെൻഡർ എന്ന പദത്തിനു കീഴിൽ ആരൊക്കെ വരുമെന്നതിനും വ്യക്തമായ ഒരു നിർവചനം നൽകേണ്ടത് അത്യാവശ്യമാണെന്നായിരുന്നു ബിൽ പാർലമെന്റിൽ അവതരിച്ചപ്പോൾ കേന്ദ്രം വ്യക്തമാക്കിയത്.
ട്രാൻസ്ജെൻഡർ വ്യക്തികളെ അംഗീകരിക്കുകയും അവർക്കു സ്വയം തങ്ങളുടെ ലൈംഗിക വ്യക്തിത്വം തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുകയും ചെയ്ത നിർണായക സുപ്രീംകോടതി വിധിയെ നിരാകരിക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷ എംപിമാർ സഭയിൽ കുറ്റപ്പെടുത്തിയിരുന്നു.
International
വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നൽകിയത് എണ്ണക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമാണെന്ന് യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന, റഷ്യയിൽനിന്നു ചൈനീസ് റിഫൈനറികളിലേക്കുള്ള എണ്ണ സംഭരിക്കാനാണ് ഇളവിലൂടെ ലക്ഷ്യമിടുന്നത്. നടപടി യുഎസിനു റഷ്യയോടുള്ള നയത്തിന്റെ മാറ്റമായി കണക്കാക്കേണ്ടതില്ലെന്നും ഊര്‍ജ സെക്രട്ടറി വ്യക്തമാക്കി.
ചൈനയിലേക്കു റഷ്യന്‍ എണ്ണ എത്തിക്കാന്‍ ആറാഴ്ചയിലധികം കാത്തിരിക്കേണ്ടിവരും. ഇതിനു ബദലായി ആ എണ്ണശേഖരം ഇന്ത്യയില്‍ സംഭരിച്ച് എണ്ണക്ഷാമം, വിലക്കയറ്റം തുടങ്ങിയ ആശങ്കകള്‍ കുറയ്ക്കാന്‍ കഴിയും. എന്നിരുന്നാലും റഷ്യയോടുള്ള യുഎസ് നയത്തില്‍ മാറ്റമൊന്നുമില്ല.
ഇന്ത്യക്കും അതിനേക്കുറിച്ച് ധാരണയുണ്ടെന്നും ഊര്‍ജ സെക്രട്ടറി പറഞ്ഞു. വെള്ളിയാഴ്ചയാണ് റഷ്യയില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് യുഎസ് അനുമതി നല്‍കിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 2024-25 അധ്യയനവർഷത്തെ തസ്തിക നിർണയം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഏരിയ ഇൻസന്റീവ് പ്രോഗ്രാം പ്രകാരമുള്ള സ്കൂളുകളിൽ 2021 സെപ്റ്റംബർ ഒൻപതിനു മുൻപു നിയമനം ലഭിച്ച 34 അധ്യാപകർക്കും ഒരു അനധ്യാപകനും ഉത്തരവിലെ വ്യവസ്ഥകളിൽ ഇളവു നൽകി നിയമനം നൽകും.
നിയമനം നൽകുന്നതിന് ആവശ്യമായ തസ്തികകൾ നിലവിലുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം നിയമന അംഗീകാരം നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ മാനുഷിക പരിഗണന നൽകി പ്രത്യേക കേസായി പരിഗണിച്ചാണു നിയമന അംഗീകാരം.
National
ന്യൂഡല്‍ഹി: മൂന്ന് പാര്‍ലമെന്ററി സമിതികളിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള പ്രമേയങ്ങള്‍ക്ക് രാജ്യസഭ അംഗീകാരം നല്കി. 2026 മേയ് ഒന്നുമുതല്‍ ആരംഭിക്കുന്ന ഒരു വര്‍ഷം കാലാവധിയുള്ള ഒഴിവുകളിലേക്കാണ് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയുക.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, പൊതുമേഖലാസ്ഥാപനങ്ങളുടെ കമ്മിറ്റി, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമത്തിനുള്ള കമ്മിറ്റി എന്നീ പാര്‍ലമെന്ററി സമിതികളിലേക്കാണ് പുതിയ അംഗങ്ങളായി എംപിമാരെ നാമനിര്‍ദേശം ചെയ്യുക.
പാര്‍ലമെന്ററികാര്യ സഹമന്ത്രി എല്‍.മുരുകനാണ് രാജ്യസഭാധ്യക്ഷന്റെ അനുമതിയോടെ പാര്‍ലമെന്ററി സമിതികളിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള മൂന്ന് വ്യത്യസ്ത പ്രമേയങ്ങള്‍ അവതരിപ്പിച്ചത്.
Business
കൊച്ചി: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) രജിസ്ട്രേഷനും അക്കൗണ്ട് തുറക്കലും ഇലക്ട്രോണിക് ഒപ്പുകള്‍ വഴി നടത്തുന്നതിനുള്ള സൗകര്യം ആരംഭിച്ച ഇന്ത്യയിലെ ആദ്യ കസ്റ്റോഡിയനായി കൊട്ടക് മഹീന്ദ്ര ബാങ്ക്.
ഡിജിറ്റല്‍ ഒപ്പുകള്‍ ഉപയോഗിച്ച് ബാങ്ക് ഇതിനകം രണ്ട് എഫ്പിഐ ലൈസന്‍സുകള്‍ അനുവദിച്ചതായി അറിയിച്ചു.
സെബിയുടെ ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയോടു പൊരുത്തപ്പെടുന്നതാണ് ഈ നീക്കമെന്ന് അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്ക് അടക്കം വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന് നാലു കോടി രൂപ കൂടി അനുവദിച്ചു സർക്കാർ. സാധാരണ ഗതിയിൽ ഉപയോഗത്തിനുശേഷം മാത്രം വാടകത്തുക നൽകുന്ന രീതിക്ക് വിപരീതമായി വരാനിരിക്കുന്ന മൂന്നു മാസത്തെ വാടക കൂടി മുൻകൂറായി നൽകിയിരിക്കുകയാണ്.
ട്രഷറി നിയന്ത്രണത്തിലും ഇളവുവരുത്തിയാണ് മുൻകൂറായി കോടികൾ വാടകയായി നൽകുന്നത്. അധിക ഫണ്ടായി ഈ മാസം 20നാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ഇതോടെ വിമാന കന്പനിയായ ചിപ്സണ്‍ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് നാലു കോടി രൂപ ഉടൻ ലഭ്യമാകും.
2025 ഒക്ടോബർ 20 മുതൽ 2026 മാർച്ച് 19 വരെയുള്ള അഞ്ച് മാസത്തെ വാടകയാണ് ഇപ്പോൾ അനുവദിച്ചത്. ഇതിൽ ഡിസംബർ 20 മുതൽ മാർച്ച് 19 വരെയുള്ള മൂന്ന് മാസത്തെ വാടക മുൻകൂറായാണ് നൽകുന്നത്. ബാക്കി രണ്ട് മാസത്തെ കുടിശികയും ഇതിനൊപ്പം തീർക്കും. 80 ലക്ഷം രൂപയാണ് പ്രതിമാസ വാടക.
മാസതോറും 25 മണിക്കൂറാണ് പറക്കാവുന്ന സമയം. 25 മണിക്കൂർ കഴിഞ്ഞാൽ ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികം നൽകണമെന്നാണ് കരാർ വ്യവസ്ഥ.