ആലപ്പുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം അതിരൂക്ഷം. ശനിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും തൃക്കുന്നപ്പുഴ പ്രണവം ജംഗ്ഷനും മൂത്തേരിക്കുമിടയിൽ 15 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു. രാവിലെ മുതൽ കടലാക്രമണം ശക്തമായതോടെ തീരദേശ ജീവിതം അക്ഷരാർഥത്തിൽ വഴിമുട്ടിയിരിക്കുകയാണ്.
ശക്തമായ തിരമാലകളിൽ തീരദേശ റോഡിൽ മുഴുവൻ മണൽ നിറഞ്ഞു. തൃക്കുന്നപ്പുഴ പ്രണവം ജംഗ്ഷനിൽ ജലജീവൻ മിഷന്റെ ഭാഗമായി റോഡരികിൽ ഇറക്കിയിരുന്ന പൈപ്പുകൾ ശക്തമായ തിരയിൽ റോഡിൽ പരക്കെ നിരന്നുകിടക്കുകയാണ്.
മംഗലം, കുറിച്ചിക്കൽ ഭാഗങ്ങളിൽ തീരദേശ റോഡ് ഉയർന്നതിനാൽ കടൽവെള്ളം ഒഴുകിപ്പോകാനാവാതെ കിഴക്കുവശത്തും വീട്ടുപരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. കടൽഭിത്തി പേരിനുപോലുമില്ലാത്ത മംഗലം, പത്തിശേരി ഭാഗങ്ങളിൽ കടൽക്ഷോഭം വലിയ ദുരിതമാണ് വിതയ്ക്കുന്നത്.
തീരാദുരിതം പതിവായതോടെ മംഗലത്ത് നാട്ടുകാർ റോഡിന് കുറുകെ വലകെട്ടി തീരദേശ റോഡിലെ ഗതാഗതം തടഞ്ഞു. എന്നാൽ പ്രശ്നപരിഹാരത്തിന് റവന്യൂ അധികൃതരോ പോലീസോ പഞ്ചായത്ത് അധികൃതരോ ഇതുവരെ ഇടപെടാൻ തയാറായിട്ടില്ല.