തിരുവനന്തപുരം: തർക്കങ്ങൾ മധ്യസ്ഥതയിലൂടെ സൗഹാർദപരമായി പരിഹരിക്കുന്നതിനു പ്രോത്സാഹനം നൽകുന്നതിനായി ‘മീഡിയേഷൻ ഫോർ നേഷൻ 3.0’ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. സുപ്രീം കോടതിയുടെ മീഡിയേഷൻ & കോൺസിലിയേഷൻ പ്രോജക്ട് കമ്മിറ്റി (എംസിപിസി) യുടെ മാർഗനിർദേശത്തിലാണു പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 30 വരെയാണു കേസുകൾ കണ്ടെത്തുന്നതിനും മധ്യസ്ഥതയ്ക്കായി പരിഗണിക്കുന്നതിനുമുള്ള ഘട്ടം. ഈ കാലയളവിൽ ഒത്തുതീർപ്പിനു സാധ്യതയുള്ള നിലനിൽക്കുന്ന കേസുകൾ കണ്ടെത്തുകയും, അനുയോജ്യമായ കേസുകൾ പരിശോധിച്ച് മധ്യസ്ഥതാ കേന്ദ്രങ്ങളിലേക്കു റഫർ ചെയ്യുകയും, മധ്യസ്ഥതാ നടപടിക്രമത്തെക്കുറിച്ച് കക്ഷികളെ അറിയിക്കുകയും ചെയ്യും. മധ്യസ്ഥതാ പ്രചാരണ പരിപാടി ഒക്ടോബർ ഒന്നു മുതൽ ആരംഭിച്ച് ഡിസംബർ 31 വരെ തുടരും.
വിവാഹസംബന്ധമായ തർക്കങ്ങൾ, അപകട നഷ്ടപരിഹാര കേസുകൾ, ചെക്ക് ബൗൺസ് കേസുകൾ, ഒത്തുതീർപ്പിനു നിയമപരമായി സാധ്യമായ ക്രിമിനൽ കേസുകൾ, ഉപഭോക്തൃ തർക്കങ്ങൾ, സർഫാസി കേസുകൾ, എക്സിക്യൂഷൻ നടപടികൾ, ആർബിട്രേഷൻ, വാണിജ്യ തർക്കങ്ങൾ, സർവീസ് കേസുകൾ, ഭാഗപത്ര കേസുകൾ, തൊഴിൽ കേസുകൾ കൂടാതെ ഒത്തുതീർപ്പിന് സാധ്യതയുള്ള മറ്റ് അനുയോജ്യമായ സിവിൽ കേസുകൾ എന്നിവയും ഈ പ്രചാരണ പരിപാടിയിൽ പരിഗണിക്കും.