വൈക്കം: പാട്ടുപാടിയതിന്റെ പേരിലുണ്ടായ തർക്കം രമ്യമായി പറഞ്ഞു തീർക്കാൻ എത്തിയ യുവാവിനെ കമ്പിവടിക്ക് അടിച്ച് ഗുരുതരമായി പരിക്കേല്പിച്ച സംഭവത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചെമ്പ് മുറിഞ്ഞപുഴ കൂമ്പേൽപറായിപറമ്പിൽ പി.എം. ബിനീഷാ(47)ണ് മരിച്ചത്. കഴിഞ്ഞ മെയ് 18ന് രാത്രിയിലായിരുന്നു സംഭവം.
കൂമ്പേൽ ഭാഗത്ത് യുവാക്കൾ സംഘം ചേർന്ന് പാട്ട് പാടിയതിനെ ചൊല്ലി സമീപവാസിയായ ബിജുവും സഹോദരി ബിന്ദുവും യുവാക്കളുമായി കലഹിച്ചു. ആ സമയം അതുവഴി എത്തിയ ബിനീഷ് പാട്ട് പാടിയതിന്റെ പേരിൽ വഴക്കുണ്ടാക്കേണ്ടെന്ന് പറഞ്ഞ് സംഘർഷം ഒഴിവാക്കാൻ നോക്കിയതിൽ പ്രകോപിതരായി ബിജുവും സഹോദരി ബിന്ദുവും ബിനീഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കമ്പിവടി കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരുന്ന ബിനീഷ് ഇന്നലെ രാവിലെയാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: കവിത. മക്കൾ: ലച്ചു , ഭഗത്.
പ്രതികളായ ബിജുവിനേയും ബിന്ദുവിനേയും പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ബിജു ഇതിന് മുമ്പും അടിപടിക്കേസുകളിൽ പ്രതിയായിട്ടുണ്ട്. വൈക്കം പോലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു.