കൂത്താട്ടുകുളം: നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പനച്ചിപ്പറ സുരേഷ് പിടിയിൽ. കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു മാസം മുമ്പ് മരങ്ങാട്ടുപള്ളിയിൽ നടന്ന അമ്പലക്കവർച്ചയുമായി ബന്ധപ്പെട്ട് മരങ്ങാട്ടുപള്ളി പോലീസ് സുരേഷിനായി ഊർജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു.
പ്രതിയെ കണ്ടെത്താനായി പോലീസ് ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിക്കുന്നതിനിടയിലാണ് സുരേഷ് കൂത്താട്ടുകുളം പരിധിയിലുള്ളതായി പോലീസിന് സൈബർ സെല്ലിൽ നിന്നും വിവരം ലഭിക്കുന്നത്. പ്രതി പ്രദേശത്തുണ്ടെന്ന സൂചനയെ തുടർന്ന് പോലീസ് പൊതുജനങ്ങൾക്കായി പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരുന്നു. ബസ് സ്റ്റാൻഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സുരേഷിന്റെ സാന്നിധ്യം നാട്ടുകാർ പോലീസിനെ അറിയിക്കുകയുമായിരുന്നു.
തുടർന്ന് കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ വലയിലാക്കിയത്. നാട്ടുകാരുടെ കൃത്യമായ ഇടപെടലും ജാഗ്രതയുമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്. ഇയാളുടെ ബാഗിൽ നിന്നും സ്ക്രൂഡ്രൈവർ, കറുത്ത വസ്ത്രങ്ങൾ, മുഖം മറയ്ക്കാൻ ഉപയോഗിക്കുന്ന മങ്കി ക്യാപ്പ് എന്നിവ പോലീസ് കണ്ടെടുത്തു. ഇന്ന് രാത്രി കൂത്താട്ടുകുളം ഭാഗത്ത് മറ്റൊരു വൻ മോഷണം നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് പോലീസ് നിഗമനം.
പിടിയിലായ പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം മരങ്ങാട്ടുപള്ളി പോലീസിന് കൈമാറി. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ മറ്റ് മോഷണക്കേസുകളുടെ ചുരുളഴിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.