National
കോല്‍ക്കത്ത: ഓണറേറിയം വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ പശ്ചിമബംഗാള്‍ ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് ആശാ തൊഴിലാളികള്‍ നടത്തിയ മാര്‍ച്ച് കോല്‍ക്കത്ത നഗരത്തെ സ്തംഭിപ്പിച്ചു.
മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നും തുച്ഛമായ തുക മാത്രമാണ് ലഭിക്കുന്നതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് കോല്‍ക്കത്തയിലെ എസ്പ്ലനേഡിലും സാള്‍ട്ട് ലേക്കിലും ആയിരക്കണക്കിന് ആശാ തൊഴിലാളികള്‍ പ്രധാന പാതകള്‍ ഉപരോധിച്ചു.
വിവിധ ജില്ലകളില്‍നിന്നെത്തിയ പ്രതിഷേധക്കാരെ ഇന്നലെ രാവിലെ മുതല്‍ സീല്‍ദ, ഹൗറ റെയില്‍വേ സ്റ്റേഷനുകളില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ പോലീസ് തടഞ്ഞു. നിരവധി സ്ഥലങ്ങളില്‍ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനു കാരണമായി.
ആരോഗ്യവകുപ്പ് ആസ്ഥാനമായ ‘സ്വാസ്ഥ്യ ഭവന്’ സ്ഥിതി ചെയ്യുന്ന സാള്‍ട്ട് ലേക്കിലേക്കു ചില പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. സാള്‍ട്ട് ലേക്കിലെ ചില ഭാഗങ്ങളില്‍ വാഹന ഗതാഗതം രണ്ടു മണിക്കൂറിലധികം തടസപ്പെട്ടു.
ഓണറേറിയം പ്രതിമാസം 5,500 രൂപയില്‍നിന്ന് 15,000 രൂപയാക്കണമെന്നും അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് നല്‍കണമെന്നുമാണ് ആശാ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം.
National
കൽപ്പറ്റ: ആശ പ്രവർത്തകരെ കേന്ദ്ര സർക്കാർ തൊഴിലാളികളായി അംഗീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി. ആശമാരെ സ്ഥിരംതൊഴിലാളികളായി അംഗീകരിക്കാൻ കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ടോയെന്ന ചോദ്യം പാർലമെന്റിൽ പ്രിയങ്ക ഉന്നയിച്ചപ്പോൾ ആശാ പ്രവർത്തനം സന്നധപ്രവർത്തനം മാത്രമാണെന്ന മറുപടിയാണ് ലഭിച്ചത്.
ഇതിനോടു പ്രതികരിക്കുകയായിരുന്നു എംപി. ആശമാർ ഗ്രാമീണ ആരോഗ്യ വ്യവസ്ഥയുടെ നട്ടെല്ലാണ്. കോടിക്കണക്കിനു ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് പ്രവർത്തിക്കുന്നവരാണ് അവർ.
വിപുലമായ ഉത്തരവാദിത്വങ്ങളും ദീർഘസമയ പ്രവർത്തനവും ആവശ്യപ്പെടുന്പോഴും അവരെ തൊഴിലാളികളായി അംഗീകരിക്കാൻ തയാറാകാത്തത് ദൗർഭാഗ്യകരമാണ്.
ആഴ്ചയിൽ 40 മണിക്കൂറിലേറെ ജോലി ചെയ്യുന്ന ആശമാർക്കു ലഭിക്കുന്ന ഓണറേറിയം മിനിമം കൂലിക്ക് എത്രയോ താഴെയാണ്. ആശമാർ കൂടുതൽ അംഗീകാരം അർഹിക്കുന്നുണ്ടെന്നും എംപി പറഞ്ഞു.
Kerala
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുമെന്നു ആശ വർക്കർമാർ. സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധന തുച്ഛമാണെന്നും പ്രതിദിനം 33 രൂപയുടെ വർധന മാത്രമാണ് വന്നിട്ടുള്ളത് ആശമാർ പറഞ്ഞു.
ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും ആശമാർ പറയുന്നു. ഭാവി സമരപരിപാടികൾ ആലോചിക്കാൻ സമര സമിതിയുടെ യോഗം ഇന്ന് ചേരും.
264 ആം ദിവസമാണ് സെക്രട്ടറിയേറ്റ് പടിക്കലിൽ ആശമാരുടെ സമരം. ജനപ്രീയ ബജറ്റുകളെ തോൽപ്പിക്കുന്ന നിലയിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നടത്തിയത്.
District News
ചങ്ങനാശേരി: ആശമാരുടെ സമരത്തോടുള്ള അവഗണന മുഖ്യമന്ത്രി അവസാനിപ്പിച്ചു സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി. ആശ സമര സഹായ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ നടത്തിയ പ്രതിഷേധ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമിതി ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, സലിം പി. മാത്യു, പി.എച്ച്. നാസര്‍, മിനി കെ. ഫിലിപ്പ്, എബി നീലംപേരൂര്‍, ഷിബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.