കോഴിക്കോട്: കാത്തിരിപ്പുകൾക്കും ആവേശങ്ങൾക്കും വിരാമമിട്ട് 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിലെ അത്ലറ്റിക്സ് മത്സരങ്ങൾക്ക് ചാത്തമം ഗലത്തുള്ള എൻഐടി ഗ്രൗണ്ടിൽ നാളെ തുടക്കമാകും.
വേഗവും കരുത്തും സഹനശേഷിയും ഒത്തുചേരുന്ന ട്രാക്കിലും ഫീൽഡിലും മികവിന്റെ പുതിയ ചരിത്രം കുറിക്കാനുറച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന കായികപ്രതിഭകൾ മാറ്റുരയ്ക്കും.
ഓരോ സെക്കൻഡും ഓരോ സെന്റിമീറ്ററും നിർണായകമാകുന്ന മത്സരവേദിയിൽ റിക്കാർഡുകൾ തകർക്കാനും വ്യക്തിഗത മികവിലൂടെ ജില്ലകളുടെയും വിദ്യാലയങ്ങളുടെയും അഭിമാനമുയർത്താനുമുള്ള പോരാട്ടത്തിനാണു കായികലോകം സാക്ഷിയാകുന്നത്.
കായികമികവിന്റെ കിരീടത്തിനായി വിദ്യാർഥികൾ കച്ചമുറുക്കുമ്പോൾ, കായികമേളയുടെ ആവേശം വാനോളമുയർത്താൻ ട്രാക്കും ഫീൽഡും ഒരുങ്ങിക്കഴിഞ്ഞു. 3000 മീറ്റർ സീനിയർ ബോയ്സ് മത്സരങ്ങളോടെയാണ് ട്രാക്ക് ഉണരുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,654 താരങ്ങൾ മാറ്റുരയ്ക്കും. 39 ഇനങ്ങളാണ് ആദ്യദിവസം നടക്കുന്നത്. ഇതിൽ 14 ഇനങ്ങളിൽ ഫൈനലും നടക്കും. 98 ഇനങ്ങളിലാണ് അത്ലറ്റിക്സിൽ ഫൈനൽ.100 മീറ്ററിന്റെ ഫൈനൽ 28 ന് രാത്രിയിൽ നടക്കും. ഇൻക്ലൂസീവ് കായികമേള ഇന്നു നടക്കും.
നാളെ 3000 മീറ്റർ ഫൈനൽ
സീനിയർ ആൺ-പെൺ,ജൂനിയർ ആൺ-പെൺ.
ഡിസ്കസ് ത്രോ: സീനിയർ ഗേൾസ്-ജൂനിയർ ബോയ്സ്
ഹാമർ ത്രോ: സീനിയർ ബോയ്സ്.
പോൾവാൾട്ട്: സീനിയർഗേൾസ്.
400 മീറ്റർ: സബ് ജൂനിയർ ഗേൾസ്-ബോയ്സ്, ജൂനിയർ ഗേൾസ്-ബോയ്സ്,
സീനിയർ ഗേൾസ്-ബോയ്സ്.