തൊടുപുഴ: ജോലിക്കിടെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആശുപത്രിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. സ്മിത മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്സാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.
രാത്രി ഡ്യൂട്ടിയിലായിരുന്ന നഴ്സ് മാനസിക പീഡനത്തെത്തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. യുണൈറ്റഡ് നഴ്സസ് അസോസിയേഷന് യൂണിറ്റ് സെക്രട്ടറിയാണ് യുവതി.
ആശുപത്രിയിലെ ശമ്പളവുമായി ബന്ധപ്പെട്ട് യുവതിയടക്കമുള്ളവര്‍ ലേബര്‍ ഓഫീസില്‍ പരാതിപ്പെട്ടിരുന്നു. ലേബര്‍ ഓഫീസില്‍ നല്കിയ പരാതിയില്‍ അടുത്ത ദിവസം ചര്‍ച്ച നടക്കാനിരിക്കേയാണ് സംഭവം. ആരോപണ വിധേയരായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് യൂണിയന് പരാതി നല്കി. മൂവരുടെയും രജിസ്ട്രേഷന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യണമെന്ന് നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രാറോടും ആവശ്യപ്പെട്ടു. തൊടുപുഴ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.