പാറശാല: പാറശാല പ്ലാമൂട്ടുകടയില് വനിതാ ഫിറ്റ്നസ് ട്രെയിനര്ക്കുനേരെ ആക്രമണം നടത്തിയ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പോലീസ്. തുടര്ന്ന് പ്രതിയെ പോലീസിന്റെ സഹായത്താല് തിരുവനന്തപുരം മെഡിക്കല് കോളജില് പ്രവേശിപ്പിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ലാബ് ജീവനക്കാരിയായ മര്യാപുരം സ്വദേശിനി കാവ്യ(26)യെ നെയ്യാറ്റിന്കരയിലെ സ്വകാര്യ ആശുപത്രിയില് സര്ജറിക്ക് വിധേയയാക്കി. പ്ലാമൂട്ടുകട മിഥില ലയണ്സ് ക്ലബിലെ ഫിറ്റ്നസ് ട്രെയിനൽ കൂടിയാണ് കാവ്യ. ഇന്നലെ രാവിലെ 10 നായിരുന്നു സംഭവം.
ജിം പ്രവര്ത്തിക്കുന്ന കെട്ടിടത്തിനുള്ളില് അതിക്രമിച്ചു കയറിയ പാറശാല പവതിയാംവിള സ്വദേശി അശ്വന്ത് (27) ആണ് കാവ്യയെ മാരകായുധം ഉപയോഗിച്ച് കുത്തി പരിക്കേല്പ്പിച്ചത്. കാവ്യയുടെ നെഞ്ചിലും തലയുടെ പിന്ഭാഗത്തുമാണ് കുത്തേറ്റത്. ആക്രമണത്തിനുശേഷം പ്രതിയായ അശ്വന്ത് കൈയിൽ കരുതിയിരുന്ന എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ കാവ്യയെ ഉടന് തന്നെ നെയ്യാറ്റിന്കരയിലെ സ്വകാര്യആശുപത്രിയില് പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമം നടത്തിയ പ്രതി അശ്വന്തിനെ പാറശാല താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്നും മെഡിക്കല് കോളജിലേക്കും മാറ്റി.