തിരുവനന്തപുരം: വി.ഡി. സതീശന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തി ജനം. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കുള്ള ജനപ്രവാഹം ആരംഭിച്ചിരുന്നു. അതേസമയം തലേദിവസംതന്നെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി ഇരുന്നും തറയില്‍ കിടന്നും നേരം വെളുപ്പിച്ചവരും നിരവധി.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ഞായറാഴ്ച വൈകുന്നേരം മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെത്തിയിരുന്നു. വേദിയുടെ ഒരുക്കങ്ങള്‍ കാണാന്‍ എത്തിയവര്‍ കുറച്ചുപേര്‍ രാത്രിയോടെ മടങ്ങിയെങ്കിലും നിരവധി പേരാണ് രാത്രി ഉറക്കമില്ലാതെ സദസില്‍ രാത്രി കഴിച്ചുകൂട്ടിയത്.
പുലര്‍ച്ചെതന്നെ ഇവര്‍ പൊതുജനങ്ങള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ മുന്‍നിരയില്‍തന്നെ ഇടം പിടിച്ചു. വിവിധ ജില്ലകളില്‍ നിന്നും ഒരുമിച്ചെത്തിയവരും കൂട്ടുകാരുമൊത്ത് വന്നവരുമായിരുന്നു ഇവരില്‍ അധികവും.
രാവിലെ ഏഴോടെ സ്റ്റേഡിയത്തിനുള്ളില്‍ പ്രത്യേകം സജ്ജമാക്കിയ ഏരിയകള്‍ മിക്കതും നിറഞ്ഞിരുന്നു. അപ്പോഴും സ്റ്റേഡിയത്തിനുള്ളിലേക്ക് ജനങ്ങള്‍ പ്രവഹിച്ചുകൊണ്ടിരുന്നു.
രാവിലെ എട്ടോടെ വേദിക്കു മുന്നിലുള്ള വിഐപി ഒഴികെയുള്ള എല്ലാ കസേരകളെല്ലാം നിറഞ്ഞു. പിന്നീട് രാവിലെ ഒന്പതുവരെ മാത്രമേ ജനങ്ങളെ സ്റ്റേഡിയത്തിലേക്കു പ്രവേശിപ്പിക്കൂവെന്നു അറിയിപ്പുണ്ടായി.
എന്നാല്‍ പുറത്ത് അപ്പോഴും ജനങ്ങള്‍ തിങ്ങിനിറഞ്ഞുകൊണ്ടിരുന്നു. പിന്നീട് പാസ് ഉള്ളവരെ മാത്രമാണ് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്.എന്നാല്‍ വിഐപികള്‍ കടന്നു പോകുന്ന വാഹനത്തിനു പിന്നാലെ ഒരു പറ്റം ആളുകള്‍ തിങ്ങിക്കയറുന്ന രീതിയുണ്ടായിരുന്നു. ഇത് പിന്നീടും തുടര്‍ന്നു.
ഒന്‍പതരയോടെയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് സ്റ്റേഡിയത്തിലേക്ക് എത്തിയത്. ആര്‍പ്പുവിളികളോടെയും കൈയടികളോടെയുമാണ് നിയുക്ത മുഖ്യമന്ത്രിയെ ജനം വരവേറ്റത്.
സത്യപ്രതിജ്ഞയ്ക്കു 20 മിനിറ്റ് മുന്‍പ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്ഥലത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഗാര്‍ഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും പത്തോടെയാണ് എത്തിയത്.
ദേശീയ നേതാക്കള്‍ക്കും വന്‍ സ്വീകരണമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തകര്‍ നല്‍കിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ് സുഖു എന്നിവരെയും ഹര്ഷാരവതത്തോടെയാണ് ജനം വരവേറ്റത്.