നെടുമ്പാശേരി: റണ്‍വേയില്ലാതെ ജലനിരപ്പില്‍നിന്നും പറന്നുയരാനും ഇറങ്ങാനും കഴിയുന്ന സീപ്ലെയിന്‍ (ജലവിമാനം) ലക്ഷദ്വീപിലെ അഞ്ചു ദ്വീപുകളിലേക്ക് അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും.
സ്കൈഹോപ്പ് ഏവിയേഷനാണ് സീപ്ലെയിന്‍ പറത്തുന്നതിന് അനുമതി നേടിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്ന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റും (എഒസി) ഇവര്‍ക്കു ലഭ്യമായിട്ടുണ്ട്.
സര്‍വീസ് ആരംഭിക്കുന്നതിനുള്ള സീപ്ലെയിന്‍ കഴിഞ്ഞദിവസം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. പരീക്ഷണപ്പറക്കല്‍ വിജയകരമാകുന്നതോടെ സര്‍വീസ് ആരംഭിക്കാനുള്ള അന്തിമ അനുമതി ലഭ്യമാകും. ലക്ഷദ്വീപിലേക്കുള്ള സാധാരണ യാത്രയ്ക്കുപുറമെ സീപ്ലെയിനില്‍ വിനോദസഞ്ചാര പാക്കേജുകളും വിവിധ ട്രാവല്‍ ഏജന്‍സികള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
ഡിജിസിഎ അംഗീകാരം ലഭിച്ച രാജ്യത്തെ ആദ്യത്തെ സി പ്ലെയിന്‍ സര്‍വീസിനാണ് കൊച്ചിയില്‍ തുടക്കമാകുന്നത്. 19 പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനമാണ് സര്‍വീസിന് ഒരുക്കിയിരിക്കുന്നത്.
ലക്ഷദ്വീപിലെ കല്‍പ്പേനി, ചെറിയം, അഗത്തി, കവരത്തി, കില്ത്തന്, കടമത്ത് ദ്വീപുകളിലേക്കാണു സര്‍വീസ്. കപ്പല്‍യാത്രയ്ക്ക് 14 മുതല്‍ 20 മണിക്കൂര്‍വരെ ആവശ്യമുള്ളപ്പോള്‍ സീപ്ലെയിനില്‍ ഒന്നര മണിക്കൂറില്‍ എത്തിച്ചേരാനാകും.
2014 ല്‍ സീ ബേര്‍ഡ് ഡ്രീംസ് എന്ന കമ്പനി ലക്ഷദ്വീപിലേക്ക് സീപ്ലെയിന്‍ സര്‍വീസ് നടത്താന്‍ അമേരിക്കയില്‍നിന്നു വിമാനം വരെ വാങ്ങി നെടുമ്പാശേരിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ പരീക്ഷണപ്പറക്കല്‍ നടത്തിയപ്പോള്‍ത്തന്നെ പദ്ധതി വിവാദത്തിലായി.
ഫെഡറല്‍ ബാങ്കില്‍നിന്നു വായ്പയെടുത്ത് കമ്പനി വാങ്ങിയ വിമാനം അഞ്ചു വര്‍ഷം നെടുമ്പാശേരിയിലെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ കിടന്നു. പിന്നീട് ബാങ്ക് ജപ്തി ചെയ്യുകയായിരുന്നു. ഇപ്പോള്‍ നീണ്ട 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് മറ്റൊരു കമ്പനി സീപ്ലെയിന്‍ സര്‍വീസിന് ഒരുങ്ങുന്നത്.