കോഴിക്കോട്: കുന്നമംഗലത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോ ടാക്സിയില്‍ സ്വകാര്യ ബസിടിച്ചു. ഇന്നലെ രാവിലെ 8.45 ഓടെ പന്തീര്‍പാടത്താണ് അപകടമുണ്ടായത്.
പത്തിലധികം കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന ഓട്ടോയിലാണ് സ്വകാര്യ ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. വിദ്യാര്‍ഥികളില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.
അപകടം നടന്നയുടന്‍ പ്രദേശവാസികളും യാത്രക്കാരും ചേര്‍ന്ന് ഓട്ടോയില്‍ നിന്നും കുട്ടികളെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
മഴയുള്ള സമയത്ത് റോഡിന് കുറുകെ തിരിയാന്‍ ശ്രമിച്ച ഓട്ടോയിലേക്ക് അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസിന്റെ മുന്‍വശത്തെ സിസിടിവി കാമറയില്‍ അപകട ദൃശ്യം പതിഞ്ഞിട്ടുണ്ട്.