ഷൈബിന് ജോസഫ്
കാസര്‍ഗോഡ്: ലൈസന്‍സ് എടുത്ത നാള് മുതല്‍ വളയംപിടിച്ച് സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കി പഠിച്ച എം.കെ.അഭിജിത് ഇന്നു കാസര്‍ഗോഡ് ചിന്മയ വിദ്യാലയത്തിലെ വൈസ് പ്രിന്‍സിപ്പല്‍. കണ്ണൂര്‍ ചാലയിലെ ബസ് ഡ്രൈവറായ ദിനേശ്ബാബുവിന്റെയും വീട്ടമ്മയായ കാഞ്ചനയുടെയും മകനായ അഭിജിത് വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിനൊടുവിലാണ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.
നല്ല മാര്‍ക്കോടെ തന്നെ ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തരബിരുദവും ബിഎഡും എംഎഡും നേടുകയും സെറ്റ്, നെറ്റ് പരീക്ഷകള്‍ പാസാകുകയും ചെയ്തത് ഓട്ടോറിക്ഷയും ബസുമെല്ലാം ഓടിച്ച് സമ്പാദിച്ച പണം സ്വരുക്കൂട്ടിയാണ്. പ്ലസ്ടുവിന് കൊമേഴ്സ് ആയിരുന്നെങ്കിലും അന്ന് പഠിപ്പിച്ചിരുന്ന അധ്യാപകരുടെ സ്വാധീനം കൊണ്ടാണ് ഇംഗ്ലീഷ് അധ്യാപകനാകാന്‍ ആഗ്രഹമുണ്ടായതെന്ന് അഭിജിത് പറഞ്ഞു.
കണ്ണൂര്‍ എസ്എന്‍ കോളജില്‍ പഠിക്കുമ്പോളാണ് പഠനച്ചെലവിനുള്ള പണം കണ്ടെത്താനായി അച്ഛന് ഓട്ടോറിക്ഷ വാങ്ങിക്കൊടുക്കുന്നത്. കോളജ് കഴിഞ്ഞ് വൈകുന്നേരം നാലുമുതല്‍ രാത്രി ഒമ്പതുവരെ കണ്ണൂര്‍ ടൗണില്‍ ഓട്ടോറിക്ഷയോടിച്ചു. പാലക്കാട് നിന്നുമാണ് ബിഎഡ് പാസായത്. പിന്നീട് കാസര്‍ഗോഡ്- കണ്ണൂര്‍- കോഴിക്കോട് റൂട്ടില്‍ ആറുവര്‍ഷത്തോളം സ്വകാര്യബസ് ഡ്രൈവറായി ജോലി ചെയ്തു. തുടര്‍ന്ന് രണ്ടുവര്‍ഷം ബംഗളൂരുവിലും ഒരു വര്‍ഷം ഉത്തര്‍പ്രദേശിലും അധ്യാപകനായി ജോലി ചെയ്തു.
ഈസമയത്തു തന്നെ ഇഗ്നോയില്നിന്നു ബിരുദാനന്തരബിരുദപഠനവും പൂര്‍ത്തിയാക്കി. അടുത്തിടെയാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് എംഎഡ് എടുക്കുന്നത്. ജോലി കിട്ടിയെങ്കിലും പഠനം അവസാനിപ്പിക്കാന്‍ അഭിജിത് തയാറല്ല. ഇംഗ്ലീഷില്‍ പിഎച്ച്ഡിയും നിയമബിരുദവും ഈ 31കാരന്റെ ബക്കറ്റ് ലിസ്റ്റിലുണ്ട്.