ന്യൂഡൽഹി: അന്താരാഷ്ട്ര മയക്കുമരുന്ന് കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രഭ്ദീപ് സിംഗിനെ അസർബൈജാനിൽ നിന്ന് ഇന്ത്യക്ക് കൈമാറിയെന്ന് സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ).
ഇന്റർപോൾ ഇയാൾക്കെതിരെ റെഡ് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രഭ്ദീപ് സിംഗിനെ ഡൽഹി പോലീസിന്റെ പ്രത്യേക മൂന്ന് അംഗ സംഘമാണ് ഇന്ന് ന്യൂഡൽഹിയിലെത്തിച്ചത്.
വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഡൽഹി പോലീസ് എന്നിവയുടെ സഹകരണത്തോടെ നടന്ന നീക്കത്തിന്റെ ഫലമായാണ് പ്രതിയെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞത്. ന്യൂഡൽഹി സ്പെഷ്യൽ സെൽ മുമ്പ് പിടികൂടിയ വൻ മയക്കുമരുന്ന് ശൃംഖലയുടെ മുഖ്യ സംഘാടകനാണ് പ്രഭ്ദീപ് സിംഗ് എന്ന് പോലീസ് തിരിച്ചറിഞ്ഞു.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ വൻ തോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതോടൊപ്പം നിരവധി പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും, സിംഗ് ഒളിവിൽ തുടരുകയായിരുന്നു. പിന്നീട് അസർബൈജാനിലെ ബാക്കുവിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭാരത്പോൾ ശൃംഖല ഉപയോഗിച്ചാണ് പ്രതിയെ നാട്ടിലെത്തിക്കുന്ന നടപടികൾ ഏകോപിപ്പിച്ചതെന്നും പ്രഭ്ദീപ് സിംഗിനെ തുടർ നിയമനടപടികൾക്കായി കസ്റ്റഡിയിൽ എടുത്തിരിക്കുകയാണെന്നും സിബിഐ അറിയിച്ചു.
അന്താരാഷ്ട്ര നിയമനടപടി സഹകരണങ്ങൾ ശക്തിപ്പെട്ടതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി 160ലേറെ പ്രതികളെ വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.