വടക്കഞ്ചേരി: കിഴക്കഞ്ചേരി കുന്നങ്കാട് റോഡിലെ ചീരക്കുഴി ഭാഗത്തെ തകർന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. റോഡിലെ കുഴികളിൽ വാഴ നട്ടായിരുന്നു പ്രതിഷേധം.
രാപകൽ വ്യത്യാസമില്ലാതെ ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിതഭാരം കയറ്റി ഇതുവഴി കടന്നുപോകുന്നതാണ് റോഡ് തകർച്ച വേഗത്തിലാക്കുന്നത്. അർധരാത്രി സമയങ്ങളിലാണ് മണ്ണുകടത്തലും മറ്റും നടക്കുന്നത്. റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നേതാക്കൾ ആരോപിച്ചു. പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ മാത്രം താത്കാലികമായി ക്വാറി മാലിന്യം തള്ളി കുഴികൾ അടയ്ക്കുകയാണ് ചെയ്യുന്നതെന്നും ഇത് പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നില്ലെന്നും സമരക്കാർ കുറ്റപ്പെടുത്തി.
ജനറൽ സെക്രട്ടറി എം. രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ആർ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഷിബു, കർഷകമോർച്ച ജില്ലാ സെക്രട്ടറി പി. ശശിധരൻ, ഗൗതം ബി. രാജ്, മനു വാസുദേവ് പ്രസംഗിച്ചു.