തൃശൂർ: ബാൻഡ് ഒരു "ബ്രാൻഡ്' ആണെങ്കിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അതിന്റെ ബ്രാൻഡ് അംബാസിഡർമാർ പെൺകുട്ടികളായിരിക്കും. ഇക്കുറിയും ആ പതിവ് തെറ്റിയില്ല.
എച്ച്എസ് വിഭാഗം ബാൻഡ് മത്സരത്തിൽ ഇക്കുറി പങ്കെടുത്ത 19 ടീമുകളിൽ 18 ലും ടീമംഗങ്ങൾ പെൺകുട്ടികൾമാത്രമായിരുന്നു. ആൺകുട്ടികളെ മത്സരത്തിന് ഇറക്കിയ കാസർഗോഡ് ജില്ലയിലെ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ ബാൻഡ് ടീമിൽ ഇക്കുറി യുഫോണിയം വായിച്ചതും ഒരു പെൺമണിയാണ്; സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി അന്ന എലിസബത്ത്.
മത്സരത്തിൽ ഹൈ എൻഡ് പ്രകടനം കാഴ്ചവച്ച ടീം മത്സരത്തിൽ എ ഗ്രേഡ് സ്വന്തമാക്കി.
17 വർഷമായി തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് സംസ്ഥാന സ്കൂൾ കലോത്സവവേദിയിലെ ശ്രദ്ധേയസാന്നിധ്യമാണ്. ചിറ്റാരിക്കൽ യുപി സ്കൂളിൽനിന്നു വിരമിച്ച പി.എസ്. ജോസാണ് തോമാപുരം സ്കൂളിന്റെ ബാൻഡ് പരിശീലകൻ.