കോഴിക്കോട്: അര്‍ധരാത്രി പേരാമ്പ്രയില്‍ നാട്ടുകാരുടെ ഉറക്കംകെടുത്തി അജ്ഞാതന്‍. അര്‍ധരാത്രി വീടുകളില്‍ എത്തി വാതിലില്‍ ഉറക്കെ തട്ടി ശബ്ദമുണ്ടാക്കി കടന്നുകളയുകയാണ് ഈ അജ്ഞാതന്‍ ചെയ്യുന്നത്.
പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ കന്നാട്ടിയിലാണ് അജ്ഞാതന്റെ പ്രവൃത്തി കാരണം നാട്ടുകാരുടെ ഉറക്കം നഷ്ടമായിരിക്കുന്നത്. രണ്ടാഴ്ചയായി ഇവിടെ വീടുകള്‍ മാറി മാറി കയറി അജ്ഞാതന്‍ വാതിലില്‍ മുട്ടുന്നത് തുടരുകയാണ്. ഒരാളാണോ അതോ ഒന്നിലധികം പേര് ഇതിന് പിറകില്‍ ഉണ്ടോ എന്ന സംശയത്തിലാണ് നാട്ടുകാര്‍.
ഇവരെ പിടികൂടാന്‍ നാട്ടുകാര്‍ സംഘടിതമായി പലയിടങ്ങളിലായി കാവല്‍നിന്നിട്ടും കാര്യമുണ്ടായില്ല. ഒരു വീടിന്റെ വാതിലില്‍ മുട്ടി അവിടെനിന്ന് ഓടി അപ്രത്യക്ഷനാകുന്ന കറുത്ത വേഷം ധരിച്ച ഇയാള്‍ അല്പ നേരത്തിന് ശേഷം കുറച്ച് അകലെയുള്ള മറ്റൊരു വീട്ടില്‍ എത്തി വാതിലിൽ മുട്ടി. എവിടെയും കളവു നടത്തുകയോ ആരെയെങ്കിലും ആക്രമിക്കുകയോ ചെയ്തിട്ടില്ല.
പേരാമ്പ്ര പൊലിസില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് രാത്രി പ്രദേശത്ത് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസംതന്നെ പല വീടുകളിലും മുട്ടി ഇയാള്‍ അപ്രത്യക്ഷനായതായാണ് വിവരം.