പാറ്റ്ന: ബാങ്ക് അക്കൗണ്ടിൽ വെറും 113 രൂപ മാത്രം ബാക്കിയുണ്ടായിരുന്ന ഒരു പ്ലംബർക്ക് ഒരു ദിവസം കൊണ്ട് ലഭിച്ചത് 294 കോടി രൂപ. ബിഹാറിലെ ഗയ ജില്ലയിലുള്ള പ്ലംബറായ വികാസ് കുമാറാണ് ബാങ്ക് അക്കൗണ്ടിലെ തുക കണ്ട് ഞെട്ടിയത്.
ഉടൻ തന്നെ വികാസ് ഇക്കാര്യം പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പോലീസിനെയും അറിയിച്ചു. തുടർന്ന് ബാങ്ക് രേഖകൾ, ട്രാൻസാക്ഷൻ ഐഡി അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. ബാങ്കിംഗ് പിഴവ്, സാങ്കേതിക തകരാർ, അല്ലെങ്കിൽ ഏതെങ്കിലും സാമ്പത്തിക തട്ടിപ്പ് എന്നിവയുടെ സാധ്യത പരിശോധിക്കുകയാണ്.
കഴിഞ്ഞ ദിവസം 1,300 രൂപ പിൻവലിച്ചതിന് ശേഷം തന്റെ അക്കൗണ്ടിൽ വെറും 113 രൂപ മാത്രമാണ് ബാക്കിയുണ്ടായിരുന്നതെന്ന് വികാസ് പറഞ്ഞു. എന്നാൽ വ്യാഴാഴ്ച രാവിലെ നോക്കിയപ്പോൾ അക്കൗണ്ട് ബാലൻസ് പെട്ടെന്ന് 94 കോടി രൂപയായി ഉയർന്നു. തുടർന്ന് അന്ന് വൈകുന്നേരത്തോടെ ഇത് 294 കോടി രൂപയായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.