മധ്യവേനലവധി കഴിഞ്ഞ് പുതുവർഷപ്രതീക്ഷകളിലേക്ക് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ചുവടുവച്ചുതുടങ്ങി. അക്ഷരങ്ങളുടെ ഈ പുതിയ ലോകത്തേക്ക് പ്രവേശിക്കുമ്പോൾ വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും സ്ഥാപന മേധാവികളും ഒരുപോലെ സ്വയം ചോദിക്കേണ്ട അടിസ്ഥാനപരമായ ഒരു ചോദ്യമുണ്ട്: വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്താണ്? അക്ഷരവെളിച്ചം നമ്മെ യഥാർഥത്തിൽ എന്താണു പഠിപ്പിക്കേണ്ടത്? വിദ്യാഭ്യാസത്തിലൂടെ നാം നേടേണ്ടത് കേവലം ഉപജീവനത്തിനുള്ള ഒരു മാർഗം മാത്രമാണോ, അതോ മനുഷ്യനായി ജീവിക്കാനുള്ള ദർശനമാണോ?
► മാർഗവും ലക്ഷ്യവും
വിദ്യാഭ്യാസത്തിന് അടിസ്ഥാനപരമായി രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്നാമത്തേത്, ഉപജീവനത്തിനായി ഭേദപ്പെട്ട ഒരു തൊഴിൽ നേടാനായി പരിശീലനം സിദ്ധിക്കുക എന്നതാണ്. അതായത്, ജീവിതമാർഗം കണ്ടെത്താൻ പര്യാപ്തമായ അറിവും സാങ്കേതികമായ കഴിവുകളും വിദ്യാഭ്യാസത്തിലൂടെ ആർജിക്കുക. ഇവിടെ വിദ്യാഭ്യാസം ഉപജീവനത്തിനായുള്ള ഒരു മാർഗമായിത്തീരുന്നു. രണ്ടാമത്തേത്, നല്ല മനുഷ്യരായി ജീവിക്കുന്നതിനു പ്രാപ്തരായ മനുഷ്യത്വമുള്ള വ്യക്തികളെ രൂപപ്പെടുത്തുക എന്നതാണ്. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന ജീവനകലകളായ സ്വയംബോധം, സഹാനുഭൂതി, സർഗാത്മകവും വിമർശനാത്മകവുമായ ചിന്ത, മാനസിക സമ്മർദങ്ങളെ അതിജീവിക്കാനുള്ള കഴിവ്, മികച്ച വ്യക്തിബന്ധങ്ങൾ എന്നിവയെല്ലാം ഇതിന്റെ പരിധിയിൽ വരുന്നു. ഇവിടെ വിദ്യാഭ്യാസം കേവലം ഒരു മാർഗം എന്നതിനേക്കാൾ, ആത്യന്തികമായ ലക്ഷ്യം തന്നെയായി മാറുന്നു.
മനുഷ്യനാവുക, കൂടുതൽ മനുഷ്യത്വമുള്ളവരാവുക എന്നതാണ് അതിനാൽ വിദ്യാഭ്യാസത്തിന്റെ പ്രഥമ ദൗത്യമായി നമ്മൾ ഉയർത്തിപ്പിടിക്കേണ്ടത്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വിശേഷിച്ചും, ആഴമായ ജനാധിപത്യ ബോധവും മതേതര വിശ്വാസവുമുള്ളതും വൈവിധ്യങ്ങളെയും ബഹുസ്വരതയെയും ആദരിക്കുന്നതുമായ പൗരന്മാരാകുക എന്നതും മനുഷ്യത്വമുള്ള വിദ്യാഭ്യാസം ആർജിക്കുന്നതിന്റെ അവിഭാജ്യ ഭാഗമാണ്.
► സാമൂഹിക കെണികൾ
വിദ്യാർഥികൾക്കും മുതിർന്നവർക്കും തങ്ങളുടെ പഠനസാമൂഹിക പരിസരങ്ങളിൽ അഭിമുഖീകരിക്കേണ്ടിവരുന്ന ചതിക്കുഴികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. വിദ്യാഭ്യാസത്തിന്റെ യഥാർഥ ലക്ഷ്യങ്ങൾ നേടുന്നതിന്, പ്രത്യേകിച്ചും മനുഷ്യത്വത്തിൽ വളരുന്നതിന് ഗൗരവമായ തടസമാകുന്ന ഈ സാമൂഹിക കെണികളെക്കുറിച്ച് മനസിലാക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യേണ്ടത് ഏറ്റവും അത്യാവശ്യമാണ്. കേവലം ഉപരിപ്ലവമായ ചതിക്കുഴികളല്ല ഇവ; മറിച്ച്, നമ്മുടെ സംസ്കാരത്തെയും ആരോഗ്യത്തെയും ആകെ തകിടം മറിക്കുന്ന വൻ കെണികളാണ്.
► ഫാസ്റ്റ് ഫുഡ്-ജങ്ക് ഫുഡ് കെണി
നമ്മുടെ അടുക്കളകളെയും ആരോഗ്യത്തെയും ഒരേപോലെ കീഴടക്കിയ ഒന്നാണിത്. ലളിതവും പോഷകസമൃദ്ധവുമായ ഭക്ഷണശീലങ്ങളിൽനിന്ന് ഫാസ്റ്റ് ഫുഡിന്റെയും ’Take away’ സംസ്കാരത്തിന്റെയും പിന്നാലെയുള്ള ഈ ഓട്ടം വെറുമൊരു താല്കാലിക ഭ്രമമല്ല; ഒരു ജ്വരമായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും, കുട്ടികളിൽ. പഠനത്തിരക്കുകൾക്കിടയിൽ പോഷകാഹാരങ്ങൾ ഒഴിവാക്കി ഇത്തരം കൃത്രിമ ഭക്ഷണങ്ങള് തേടുന്ന വിദ്യാർഥികളിൽ ഇത് അമിതവണ്ണത്തിനും പഠനവൈകല്യങ്ങൾക്കും കാരണമാകുന്നുണ്ട്. വിദ്യാലയങ്ങളിൽനിന്നുതന്നെ ആരോഗ്യകരമായ ഭക്ഷണസംസ്കാരം കുട്ടികൾ ശീലിച്ചെടുക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
ഉപഭോഗാസക്തി
വിപണിയുടെ അദൃശ്യമായ ചരടുകളാൽ പൂർണമായും നിയന്ത്രിക്കപ്പെടുന്ന കെണിയാണിത്. ആധുനിക മനുഷ്യൻ കമ്പോളത്തിന്റെ ആസൂത്രിതമായ തന്ത്രങ്ങളിൽ പൂർണമായും അകപ്പെട്ടിരിക്കുകയാണ്. ഇന്റർനെറ്റ് വിപ്ലവത്തോടെ കമ്പോളം നമ്മുടെ അടുക്കളയും കിടപ്പറയും കടന്ന് വിരൽത്തുമ്പിലെത്തിക്കഴിഞ്ഞു. പ്രാഥമിക ആവശ്യങ്ങൾക്കപ്പുറം, അനാവശ്യമായ ആഡംബര വസ്തുക്കൾ സ്വന്തമാക്കാനുള്ള ആസക്തിയുടെയും ധൂർത്തിന്റെയും നീർച്ചുഴിയിലാണ് ഇന്ന് ശരാശരി മലയാളി.
പരസ്യങ്ങളുടെയും ട്രെൻഡുകളുടെയും വലിയ ഇരകള് നമ്മുടെ വിദ്യാർഥികളാണ്. അനാവശ്യമായ ബ്രാൻഡഡ് വസ്ത്രങ്ങൾക്കും വിലകൂടിയ സാങ്കേതിക ഉപകരണങ്ങൾക്കുമായി അവർ മാതാപിതാക്കളെ സമ്മർദത്തിലാക്കുകയും സഹപാഠികൾക്കിടയിൽ അനാവശ്യമായ മത്സരബുദ്ധിയും അപകർഷതാബോധവും വളർത്തുകയും ചെയ്യുന്നു.
► വ്യാജവാർത്ത
വിവരസാങ്കേതികവിദ്യയുടെ മറവിൽ കാട്ടുതീ പോലെ പടരുന്ന വ്യാജവാർത്തകൾ നാം കരുതുന്നതിനുമപ്പുറം അപകടകാരിയാണ്. വസ്തുതകൾക്കും യുക്തിക്കും യാതൊരു വിലയുമില്ലാത്ത ഒരു ‘സത്യാനന്തര കാല’ത്താണ് നാം ഇന്നു ജീവിക്കുന്നത്.
ഇത്തരം വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിൽ ആളുകൾ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും വിനാശകരമാണ്. ഇത് പൊതുസ്ഥാപനങ്ങളിലുള്ള വിശ്വാസം തകർക്കുക മാത്രമല്ല, മതം, രാഷ്ട്രീയം തുടങ്ങിയ എല്ലാ മേഖലകളിലും കടുത്ത വിഭാഗീയതയും പരസ്പരവിദ്വേഷവും വളർത്തുന്നു. ഓൺലൈൻ ലോകത്ത് കൂടുതൽ സമയം ചെലവഴിക്കുന്ന വിദ്യാർഥികൾ ഇത്തരം അർധസത്യങ്ങളുടെയും വ്യാജ പ്രചാരണങ്ങളുടെയും കെണിയിൽ പെട്ടെന്ന് വീണുപോകുന്നുണ്ട്. വിവരങ്ങളെ യുക്തിസഹമായി വിശകലനം ചെയ്യാനും യഥാർഥ വസ്തുതകൾ തിരിച്ചറിയാനുമുള്ള വിമർശനാത്മക ചിന്ത വിദ്യാലയങ്ങളിൽനിന്നുതന്നെ അവർ ആർജിച്ചെടുക്കേണ്ടതുണ്ട്.
► ലഹരിവസ്തുക്കൾ
പുതുതലമുറയുടെ ജീവനെയും സ്വപ്നങ്ങളെയും ഒരുപോലെ കാർന്നുതിന്നുന്ന ഈ കെണി, വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും ഓരോ ഇടനാഴികളിലും സജീവമാണ്. കൗമാരക്കാരുടെ നിഷ്കളങ്കത ചൂഷണം ചെയ്ത്, എളുപ്പത്തിൽ പണമുണ്ടാക്കാനും താല്കാലിക സുഖം നുകരാനും പ്രേരിപ്പിച്ചാണ് ലഹരിമാഫിയ കുട്ടികളെ കെണിയിലാക്കുന്നത്. ഒരിക്കൽ ഇതിന്റെ ചതിക്കുഴിയിൽ അകപ്പെട്ടുപോയാൽ ഉപഭോക്താക്കൾ എന്ന നിലയിൽ മാത്രമല്ല, ലഹരി കടത്തുന്ന കാരിയർമാരായിപ്പോലും കുട്ടികൾ മാറുന്നു.
► ഡിജിറ്റൽ ആസക്തിയും സൈബർ കെണികളും
മൊബൈൽ ഫോൺ തന്നെയാണ് തന്റെ ജീവിതവും ലോകവുമെന്ന് കരുതുന്ന ഒരു തലമുറ ഇവിടെ വളർന്നുവരുന്നുണ്ട്. കോവിഡ് കാലത്ത് ഇതൊരു വലിയ മഹാവ്യാധിയായി മാറി. വാട്സ്ആപ്, ഫേസ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ സൈറ്റുകൾ മുതൽ, അക്രമവാസനയും കിടമത്സരവും വളർത്തുന്ന അപകടകരമായ പലവിധ ഓൺലൈൻ ഗെയിമുകൾ, യൂട്യൂബ് വീഡിയോകൾ, എന്നുവേണ്ട പോർണോഗ്രഫി സൈറ്റുകൾ വരെ കുട്ടികളുടെ വിഹാരയിടങ്ങളായിത്തീരുന്നു.
ഈ സൈബർ ലോകം പലവിധ കെണികൾ നിറഞ്ഞതാണ്. ഭയപ്പെടുത്തുന്ന സന്ദേശങ്ങളിലൂടെയുള്ള ഓൺലൈൻ വേട്ടയാടൽ, ഓൺലൈൻ ഭീഷണിപ്പെടുത്തലും വ്യക്തിഹത്യയും, മോർഫ് ചെയ്ത ചിത്രങ്ങൾ വഴിയുള്ള ഓൺലൈൻ അപകീർത്തി പ്രചാരണം തുടങ്ങി പല രീതിയിലാണ് സൈബർ പ്ലാറ്റുഫോമുകൾ ഉപഭോക്താക്കളുടെ ജീവനും അന്തസിനും വില പറയുന്നത്. പെൺകുട്ടികളെ ഓൺലൈൻ വഴി കെണിയിൽ വീഴ്ത്തുന്ന സൈബർ ഗ്രൂമിംഗും പണം തട്ടിയെടുക്കുന്ന ഹാക്കിംഗും ഇതിന്റെ ഭാഗമാണ്. ഇന്നത്തെ ആഗോള സമ്പദ് വ്യവസ്ഥയാകട്ടെ വ്യക്തികളുടെ വിവരങ്ങളും താത്പര്യങ്ങളും നിരന്തരം ചോർത്തിയെടുത്ത് പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നു; ‘നിരീക്ഷണ മുതലാളിത്തം’ എന്നാണ് ഈ സമ്പദ് വ്യവസ്ഥ അറിയപ്പെടുന്നത്.
ഡിജിറ്റൽ സങ്കേതങ്ങളുടെ അമിതമായ ഉപയോഗം കുട്ടികളുടെ മുതിർന്നവരുടെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഉറക്കക്കുറവ്, ഏകാഗ്രതയില്ലായ്മ, പെരുമാറ്റ വൈകല്യങ്ങൾ, ആശങ്ക, മാനസിക സമ്മർദം, സാമൂഹിക ഒറ്റപ്പെടൽ, വിഷാദം എന്നിവ ഇതിന്റെ പാർശ്വഫലങ്ങളായി മനഃശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നു.