ശതകോടീശ്വരൻ ഇലോൺ മസ്കിന് ചൈനയിലൊരു അപരൻ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ, ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ ഒരു സാധാരണ ബാർബിക്യു റസ്റ്ററന്റിൽ ചെന്നാൽ സാക്ഷാൽ ഇലോൺ മസ്ക് മാംസം ഗ്രിൽ ചെയ്തു വിളമ്പുന്നത് കാണാം. അതിശയിപ്പിക്കും വിധം ഇലോൺ മസ്കുമായി രൂപസാദൃശ്യമുള്ള മാ ജിയാൻപിങ് എന്ന റസ്റ്ററന്റ് ഉടമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വൈറൽ താരം.
മുഖവും മുടിയുടെ ശൈലിയും കാരണം ഒറ്റനോട്ടത്തിൽ മസ്ക് ആണെന്നേ ഇയാളെ കണ്ടാൽ തോന്നൂ. മുൻപ് ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന മാ ജിയാൻപിംഗിന്റെ റെസ്റ്റോറന്റിൽ ഇപ്പോൾ മസ്കിന്റെ അപരനെ കാണാനും ഫോട്ടോയെടുക്കാനുമായി ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇദ്ദേഹത്തിന്റെ റസ്റ്ററന്റിന്റെ പേര് "സ്പേസ് എക്സ് ബാർബിക്യു" എന്ന് മാറ്റണമെന്ന് ഇന്റർനെറ്റ് ലോകം തമാശരൂപേണ ആവശ്യപ്പെടുന്നു. ഇലോൺ മസ്കിനെ ചൈനയിൽവെച്ച് ക്ലോൺ ചെയ്തതാണെന്ന തരത്തിലുള്ള തമാശ നിറഞ്ഞ സിദ്ധാന്തങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പെട്ടെന്നുണ്ടായ ഈ പ്രശസ്തിയിൽ തനിക്ക് അല്പം നാണവും പരിഭ്രമവും ഒക്കെയുണ്ടെന്ന് മാ ജിയാൻപിംഗ് വ്യക്തമാക്കുന്നുണ്ട്. എങ്കിലും ഇത് തന്റെ ബിസിനസ് വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. നിലവിൽ നിരവധി ബിസിനസ് ഓഫറുകൾ ലഭിക്കുന്നുണ്ടെങ്കിലും ലൈവ് സ്ട്രീമിംഗിലേക്ക് കടക്കാൻ താല്പര്യമില്ലെന്നും, രാവിലെ മുതൽ അർദ്ധരാത്രി വരെ റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് 2022ൽ ചൈനയിലെ മാ യിലോങ് എന്നയാളും, 2025ൽ പാകിസ്താനിലെ ഗോഹർ സമൻ എന്നയാളും ഇലോൺ മസ്കുമായി സാദൃശ്യമുള്ളതിന്റെ പേരിൽ ഇന്റർനെറ്റിൽ വൈറലായിരുന്നു.