Kerala
കണ്ണൂർ: കീഴൂർ കടപ്പുറത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. നാല് മത്സ്യത്തൊഴിലാളികൾക്കും മൂന്ന് കുട്ടികൾക്കുമാണ് കടിയേറ്റത്. പരിക്കേറ്റവരെ ഉടൻതന്നെ കാസർഗോഡ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാരും യുവാക്കളും ചേർന്ന് നായയെ പിടികൂടാനായി കീഴൂർ കടപ്പുറം ഹാർബറിന് സമീപം വ്യാപകമായ തെരച്ചിൽ നടത്തി. ഈ തെരച്ചിലിനിടയിൽ മറ്റൊരു യുവാവിനു കൂടി നായയുടെ കടിയേൽക്കുകയുണ്ടായി.
പേപ്പട്ടി പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ കുട്ടികളും നാട്ടുകാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
Kerala
തിരുവനന്തപുരം: ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ റിസോർട്ട് ജീവനക്കാരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. പാലച്ചിറ പട്ടിയാരത്തുംവിള വീട്ടിൽ വിനീതാണ് (39) അറസ്റ്റിലായത്.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ പാപനാശം ഏണിക്കൽ ബീച്ചിലായിരുന്നു സംഭവം. ബീച്ചിലൂടെ നടന്നുവരികയായിരുന്ന ഹൈദരാബാദ് സ്വദേശികളായ യുവതികളെ വിനീത് തടഞ്ഞുനിർത്തി നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി. യുവതികൾ സംഭവം ടൂറിസം പോലീസിനെ അറിയിച്ചതോടെയാണ് ഇയാളെ പിടികൂടിയത്.
സ്വകാര്യ റിസോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിനീത്. സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം നടത്തിയതിനും വകുപ്പുകൾ ചുമത്തി മേൽനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കാസർഗോഡ്: മഞ്ചേശ്വരം കുണ്ടുകൊൽക്കെ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ 18 വയസുകാരന്റെ മൃതദേഹം കണ്ടെത്തി.
മഞ്ചേശ്വരം ചൗക്കി സ്വദേശി ഉമറുൽ ഫാറൂഖിന്റെ മകൻ മുഹമ്മദ് സൈനുൽ ആബിദ് ആണ് മരിച്ചത്. മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് ഇന്ന് വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം കുടുംബത്തോടെപ്പം ബീച്ചിൽ എത്തിയപ്പോഴാണ് സൈനുൽ ആബിദ് തിരയിൽപ്പെട്ടത്. രണ്ടുപേർ രക്ഷപ്പെട്ടിരുന്നു.
District News
വലിയതുറ: വേളി കടല്ത്തീരത്ത് കൈകള് മുണ്ടുകൊണ്ട് കൂട്ടിക്കെട്ടിയ നിലയില് കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കൊച്ചുവേളി സ്വദേശി കാര്മലിന്റെ മകള് മത്യേഷ (80) യുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതായി തുമ്പ പോലീസ് അറിയിച്ചു.
അഞ്ച് ദിവസം മുമ്പ് ഇവരെ കാണാതായെന്നു പോലീസില് പരാതി ലഭിച്ചിരുന്നു. വേളിയില് ഇവര് വീട്ടില് ഒറ്റയ്ക്കായിരുന്നു താമസം. മത്സ്യബന്ധനത്തിനു പോയവരാണു ശനിയാഴ്ച രാവിലെ തീരക്കടലില് ഒഴുകി നടക്കുന്ന നിലയില് മൃതദേഹം കണ്ടത്. തുടര്ന്ന് തുമ്പ പോലീസില് വിവരം അറിയിക്കുകയും പോലീസ് എത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.
തുടര്ന്ന് ഇന്ക്വസ്റ്റ് നടപടികള്ക്ക് ശേഷം മെഡിക്കല് കോളജ് ആശുപത്രി മോര്ച്ചറിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. ഇവര് മരിക്കാനിടയായ സാഹചര്യം വ്യക്തമല്ല. പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണം ഊര്ജിതമായി നടക്കുകയാണ്.
Kerala
തൃശൂര്: ബീച്ചിൽ ജിപ്സികൊണ്ട് അഭ്യാസ പ്രകടനം നടത്തുന്നതിനിടെ 14കാരന് ദാരുണാന്ത്യം. ഒരാൾക്ക് പരിക്കേറ്റു. ചെന്ത്രാപ്പിന്നിയിലാണ് സംഭവം.
മുഹമ്മദ് സിനാന് ആണ് മരിച്ചത്. ബീച്ചില് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ ജിപ്സി, മുഹമ്മദ് സിനാനെ ഇടിക്കുകയായിരുന്നു.
കൂരിക്കുഴി സ്വദേശി ഷജീര് ആണ് വാഹനം ഓടിച്ചത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: സൗത്ത് ബീച്ചിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്നു പുലർച്ചെ മൂന്നിനാണ് അപകടമുണ്ടായത്. കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോട് സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്.
ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബൈക്കുകൾ അമിതവേഗത്തിലായിരുന്നുവെന്നാണ് സൂചന.
Editorial
ഓസ്ട്രേലിയയുടെ പഹൽഗാമായി മാറിയിരിക്കുകയാണ് സിഡ്നിയിലെ ബോണ്ടി ബീച്ച്. ലോകസമാധാനത്തിനു ഭീഷണിയും യുദ്ധങ്ങളുടെ ഉത്പാദനകേന്ദ്രവുമായ ഇസ്ലാമിക തീവ്രവാദത്തിന്റെ രണ്ടു സന്തതികൾ 15 നിരപരാധികളെ ഇതര മതസ്ഥരായതിനാൽ കൊന്നുതള്ളി. “രാജ്യത്തിനെതിരായ ഗുരുതര ഭീകരാക്രമണം’’ എന്നാണ് ആക്രമണത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അപലപിച്ചത്. പക്ഷേ, അദ്ദേഹം ഒരു ഹീറോയുടെ പേരുകൂടി പ്രഖ്യാപിച്ചു- അഹമ്മദ് അൽ അഹമ്മദ്.
മുമ്പൊരു തോക്കുപോലും ഉപയോഗിച്ചിട്ടില്ലാത്ത ആ സഹോദരൻ പാഞ്ഞെത്തി തീവ്രവാദിയെ കീഴ്പെടുത്തിയതുകൊണ്ടാണ് കൂടുതൽ ആളുകൾ കൊല്ലപ്പെടാതിരുന്നത്. അദ്ദേഹം ഓസ്ട്രേലിയയുടെ മാത്രമല്ല, ലോകത്തിന്റെതന്നെ അഭിമാനമായിരിക്കുന്നു. അഹമ്മദ് അൽ അഹമ്മദിന്റെ മതം സംബന്ധിച്ച് സർക്കാർവൃത്തങ്ങൾ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ഇയാൾ ലബനീസ് വംശജനായ ക്രൈസ്തവനാണെന്ന് റിപ്പോർട്ടുണ്ട്.
ഞായറാഴ്ച, യഹൂദ ആഘോഷമായ ‘ഹനൂക്ക’യുടെ ആദ്യദിനം ആഘോഷിക്കാൻ കടൽത്തീരത്തെത്തിയവർക്കു നേരേയാണ് പാക് വംശജരായ സാജിദ് അക്രവും മകൻ നവീദ് അക്രവും നിറയൊഴിച്ചത്. യഹൂദരെ ലക്ഷ്യമിട്ട ഭീകരാക്രമണമാണു നടന്നതെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. 10 മിനിറ്റ് നീണ്ട വെടിവയ്പിൽ 15 നിരപരാധികളും പ്രത്യാക്രമണത്തിൽ 50 വയസുകാരനായ ഭീകരൻ സാജിദും കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുമുണ്ട്. ഇതിനിടെയാണ് ആയിരങ്ങൾ പകച്ചുനിൽക്കേ, സമീപത്തെ കാറിന്റെ മറയത്തുനിന്നു പാഞ്ഞെത്തിയ അഹമ്മദ് അൽ അഹമ്മദ്, നവീദിനെ പിന്നിൽനിന്നെത്തി കീഴടക്കിയത്.
തോക്ക് പിടിച്ചുവാങ്ങിയ അദ്ദേഹം തീവ്രവാദിയോടു കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ വെടിയേറ്റ അഹമ്മദിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. തീവ്രവാദിയെ കീഴ്പെടുത്തുന്നതിന്റെ 15 സെക്കൻഡ് വീഡിയോ വൈറലായതോടെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ‘ഓസ്ട്രേലിയയുടെ ഹീറോ’ എന്ന് അഭിസംബോധന ചെയ്തത്. 10 വർഷത്തിലേറെയായി പഴം, പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കട നടത്തുകയാണ് സിറിയക്കാരനായ അഹമ്മദ്. രണ്ടു മക്കളുടെ പിതാവായ നാല്പത്തിമൂന്നുകാരൻ ആശുപത്രിയിലാണെന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ പേരിൽ തുടങ്ങിയ ഫണ്ടിലേക്ക് രണ്ടു മണിക്കൂറിനകം എത്തിയത് ഒന്നേകാൽ കോടി രൂപയാണ്.
മതേതര രാജ്യങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി ഇസ്ലാമിക തീവ്രവാദത്തിന്റെ തനിനിറം തിരിച്ചറിയുകയാണ്. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും കുടിയേറ്റ നിയന്ത്രണങ്ങൾ നടപ്പാക്കി. തീവ്രവാദികൾ ലോകമെങ്ങും മുസ്ലിം സമൂഹത്തെ സംശയനിഴലിലാക്കുകയും ചെയ്തു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ യഹൂദർക്കു നേർക്കുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. താരതമ്യേന സുരക്ഷിത രാജ്യമായ ഓസ്ട്രേലിയയിൽ ഇത്തരം വെടിവയ്പ് അപൂർവമാണ്. ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ ഭീകരാക്രമണത്തെ അപലപിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപലപിച്ചതിനൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിന്റെ നയങ്ങളെ വിമർശിക്കുകയും ചെയ്തു. ആൽബനീസിന്റെ നയങ്ങൾ യഹൂദവിരുദ്ധതയുടെ അഗ്നിയിൽ എണ്ണ പകരുന്നതാണെന്ന് താൻ അദ്ദേഹത്തിനെഴുതിയിരുന്നതായി നെതന്യാഹു ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു. നേതാക്കൾ നിശബ്ദരും നിഷ്ക്രിയരുമാകുന്നിടത്ത് യഹൂദവിരുദ്ധത അർബുദംപോലെ പടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഡ്നി സംഭവം ആഗോള തീവ്രവാദത്തെ വീണ്ടും ചർച്ചയ്ക്കെടുത്തിരിക്കുകയാണ്. പാക്കിസ്ഥാനിൽനിന്നെത്തിയ പിതാവും മകനും എന്തിനാണ് നിരപരാധികളെ വധിച്ചത്? പൈതൃകമായി തീവ്രവാദികൾ കൊണ്ടുനടക്കുന്ന വംശവെറിയുടെ ഭാഗമായ ഇതരമതവിദ്വേഷം മാത്രം. സിഡ്നിയിലെ ഇരകൾ യഹൂദരായിരുന്നു എന്നേയുള്ളൂ. ലോകത്തെ ഭീകരപ്രസ്ഥാനങ്ങളിൽ ഏതാണ്ട് എല്ലാംതന്നെ ഇസ്ലാമികഭരണം ലോകത്തു കൊണ്ടുവരാൻ ശ്രമിക്കുന്നവയാണ്.
1979നും 2024നും മധ്യേ ഭീകരാക്രമണങ്ങളിലേറെയും നടത്തിയത് താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, അൽ-ഷബാബ്, അൽ-ക്വയ്ദ എന്നീ അഞ്ചു ഗ്രൂപ്പുകളാണ്. 2024ലെ ഗ്ലോബൽ ടെററിസം ഇൻഡെക്സിൽ ഹമാസും സ്ഥാനമുറപ്പിച്ചു. പലസ്തീൻ വിഷയത്തിന്റെ മുഖംമൂടിക്കു പിന്നിൽ അവർ ഒളിച്ചുവച്ച, ക്രിസ്ത്യാനികളും യഹൂദരുമില്ലാത്ത ഇസ്ലാമിക ലോകക്രമം- ഇസ്ലാമിക് സ്റ്റേറ്റ് പരസ്യമായി ലക്ഷ്യമിടുന്നതുതന്നെയാണ്.
വൈകിയെങ്കിലും ഓസ്ട്രേലിയ കാര്യങ്ങൾ തിരിച്ചറിഞ്ഞു. ക്രിസ്മസ് ചന്തയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട മൊറോക്കോ, ഈജിപ്ത്, സിറിയൻ തീവ്രവാദികളെ കഴിഞ്ഞദിവസം ജർമൻ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലും ഇസ്ലാമോഫോബിയ ബഹളത്തിനൊപ്പം നുഴഞ്ഞുകയറി നടക്കുന്ന ഭീകരവാദത്തെ വേർതിരിച്ചറിയുക ദുഷ്കരമാണ്. പക്ഷേ, ശ്രമം ഉപേക്ഷിക്കാനാകില്ല.
ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ പറഞ്ഞതുപോലെ, ഇത് അമേരിക്കയും ഭീകരവാദവും തമ്മിലുള്ള യുദ്ധമല്ല ജനാധിപത്യ-സ്വതന്ത്രലോകവും ഭീകരവാദവും തമ്മിലുള്ള യുദ്ധമാണ്. ഏതെങ്കിലും ഒരു പക്ഷത്തേ നിൽക്കാനാകൂ. സ്വന്തം ജീവൻ പണയം വച്ച് തീവ്രവാദിയെ കീഴ്പ്പെടുത്തിയ സിഡ്നിയിലെ അഹമ്മദിന്റെ വേഗത്തിൽ ഈ ശാപത്തെ കീഴടക്കിയേ തീരൂ.
Kerala
തിരുവനന്തപുരം: കോവളം ബീച്ചിൽതെരുവുനായ ആക്രമണം. പ്രഭാത സവാരിക്കിറങ്ങിയ ഹോട്ടലുടമയ്ക്ക് കഴിഞ്ഞ ദിവസം കടിയേറ്റു.
രാവിലെ ഹവ്വാ ബീച്ചിലൂടെ നടന്നുവന്ന സ്വകാര്യ ഹോട്ടൽ നടത്തുന്ന കണ്ണൂർ സ്വദേശി റോബിന്റെ വലതു കാലിൽ കൂട്ടമായെത്തിയ തെരുവുനായ കടിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി റോബിൻ കടലിലേക്ക് ചാടിയെങ്കിലും നായകൾ വിടാതെ പിൻതുടർന്ന് കടിക്കുകയായിരുന്നു.
റോബിൻ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച ലൈറ്റ് ഹൗസ് ബീച്ചിൽ നടപ്പാതയിലൂടെ വരികയായിരുന്ന വിദേശ വനിതയെയും തെരുവു നായ ആക്രമിച്ചിരുന്നു. റഷ്യയിൽ നിന്നുള്ള പൗളിന(32) വലതു കണങ്കാലിൽ മാരകമായി കടിയേറ്റത്.
NRI
റാസല്ഖൈമ: കടലില് ഇറങ്ങിയ കണ്ണൂര് വളപട്ടണം സ്വദേശി ഷബീല് (38) തിരയില്പ്പെട്ട് മരിച്ചു. ഈ മാസം മൂന്നിനാണ് സംഭവം.
ബീച്ചില് ഉണ്ടായിരുന്ന മറ്റ് ആളുകളാണ് ഷബീലിനെ തിരയില്പ്പെട്ട നിലയില് കണ്ടെത്തിയത്. തുടര്ന്ന് പോലീസില് വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പോലീസ് മൃതദേഹം റാസല്ഖൈമ പോലീസ് മോര്ച്ചറിയിലേക്ക് മാറ്റി.
യാബ് ലീഗല് സര്വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ ഇടപെടലിലൂടെ നിയമനടപടികള് പൂര്ത്തിയാക്കി മൃതദേഹം റാസല്ഖൈമ കബര്സ്ഥാനില് അടക്കം ചെയ്തു.
ഷബീൽ റാസല്ഖൈമയിലെ ഒരു കമ്പനിയില് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു.
കണ്ണൂര് പാപ്പിനിശേരി സ്വദേശിനി നാസിലയാണ് ഭാര്യ.