കോട്ടയം: വിശുദ്ധ ദൈവമാതാവിന്റെ ജീവിത മാതൃകയും പുണ്യങ്ങളും ഉൾക്കൊണ്ട് ജീവിക്കാൻ വിശ്വാസിസമൂഹം തയാറാകണമെന്ന് ഐസക് മാർ ഒസ്താത്തിയോസ് മെത്രാപോലീത്ത. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാനദിനമായ ഇന്നലെ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയർപ്പിച്ചശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഉച്ചകഴിഞ്ഞ് രണ്ടിനു പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് കരോട്ടെ പള്ളിയിലേക്കുള്ള റാസ നടന്നു. ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. കുര്യൻ മാത്യും വടക്കേപറമ്പിൽ, ഫാ. സനോജ് കരോട്ടേക്കുറ്റ് എന്നിവർ കാർമികത്വം വഹിച്ചു. റാസയ്ക്കു ശേഷം നേർച്ച വിതരണം നടന്നു. തുടർന്ന് പൂർവിക പാരമ്പര്യമനുസരിച്ച് പള്ളിക്ക് ചുറ്റുമുള്ള വട്ടപ്പാട്ടും തളിക എടുക്കലും നടന്നു.