ഭക്ഷണത്തിന്റെ എരിവിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബംഗളൂരുവിൽ വടക്കുകിഴക്കൻ സംസ്ഥാനക്കാരായ ഫാസ്റ്റ് ഫുഡ് ജീവനക്കാർക്ക് നേരെ ക്രൂര മർദ്ദനമേറ്റു. ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഒക്ടോബർ 29-ന് നടന്ന സംഭവത്തിൽ അസം സ്വദേശികളായ മൂന്ന് യുവാക്കൾക്കാണ് പരിക്കേറ്റത്.
ഓർഡർ ചെയ്ത നൂഡിൽസിന് എരിവ് കൂടുതലാണെന്ന് ആരോപിച്ച് മദ്യപിച്ചെത്തിയ സംഘം ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് അവരെ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇലക്ട്രോണിക് സിറ്റി പൊലിസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, ന്യൂഡൽഹിയിലെ ചാണക്യപുരി അശോകാ ഹോട്ടൽ പരിസരത്ത് വച്ച് നാഗാലാൻഡ് സ്വദേശിനിയായ യുവതിക്കും സുഹൃത്തുക്കൾക്കും നേരെ തട്ടിക്കൊണ്ടുപോകൽ ശ്രമവും ആക്രമണവും നടന്നു.
ഹോട്ടലിലെ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ യുവതികളെ നമ്പർ പ്ലേറ്റില്ലാത്ത വെള്ള മെഴ്സിഡസ് കാറിലെത്തിയ മൂന്നംഗ സംഘം ബലമായി വാഹനത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച കൂടെയുണ്ടായിരുന്ന ഡോക്ടർമാരായ സുഹൃത്തുക്കളെ പ്രതികൾ ഹോക്കി സ്റ്റിക്കും ഇരുമ്പ് വടിയും ഉപയോഗിച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ചു.
വിവരമറിഞ്ഞ് പൊലിസെത്തിയ ശേഷവും പ്രതികൾ വാഹനം പരാതിക്കാർക്ക് നേരെ ഓടിച്ചുകയറ്റാൻ ശ്രമിച്ചതായി ആരോപണമുണ്ട്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ഡൽഹി പൊലിസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.