നടൻ വിനീത് ശ്രീനിവാസന് തുറന്ന കത്തെഴുതി മുൻ ഡിജിപി ടി.പി.സെൻകുമാർ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ നടക്കുന്ന സമരങ്ങളിലൂടെ ശ്രദ്ധേയയായ നേഹ ബോറയുടെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ പങ്കുവച്ച പോസ്റ്റിനു മറുപടി ആയാണ് സെൻകുമാറിന്റെ കത്ത്.
നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം വിനീതും മറ്റെല്ലാവരും ഭദ്രകീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനായിരിക്കണം ആഗ്രഹിക്കേണ്ടത് എന്ന് സെൻകുമാർ പറയുന്നു.
ചേരാനല്ലൂരിൽ 17കാരനായ ജഡ്ജിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ചു കൊല്ലപ്പെട്ട സ്കൂട്ടർ യാത്രക്കാരൻ ജയബാലകൃഷ്ണന്റെ മകളാണ് ഭദ്രകീർത്തി. പിതാവിന്റെ മരണത്തിന് നീതി തേടി പൊലിസ് സ്റ്റേഷനു മുൻപിൽ നടത്തിയ സമരത്തെതുടർന്ന് വാഹനമോടിച്ച 17കാരന്റെ പിതാവിനെതിരെ നടപടി സ്വീകരിക്കാൻ പൊലിസും സർക്കാരും സമ്മദർദ്ദത്തിലാകുകയായിരുന്നു.
‘‘പ്രിയപ്പെട്ട വിനീത് ശ്രീനിവാസൻ, നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം, വിനീതും മറ്റെല്ലാവരും ഭദ്ര കീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനായിരിക്കണം ആഗ്രഹിക്കേണ്ടത്.
നാരീശക്തി അതിന്റെ ഏറ്റവും മഹത്തായ രൂപത്തിൽ! ഭദ്രാ, നിന്നെയോർത്ത് അഭിമാനം തോന്നുന്നു!
പ്രിയപ്പെട്ട പിതാവിന് നീതി ലഭിക്കുന്നതിനായി, അദ്ദേഹം ഈ ലോകത്തോട് ഏറ്റവും വേദനാജനകമായ രീതിയിൽ വിടപറഞ്ഞ ആ ദുരിതഘട്ടത്തിൽപ്പോലും നീ കാണിച്ച ധൈര്യവും ഉറച്ച നിലപാടും പോരാട്ടവീര്യവും ഹൃദയസ്പർശിയും ഏറെ പ്രചോദനാത്മകവുമാണ്. നിന്റെ ഈ അചഞ്ചലമായ മനക്കരുത്ത് ഇന്നത്തെ യുവതലമുറ മാതൃകയാക്കേണ്ടതാണ്.
കുടുംബത്തിന്റെ ഏക ആശ്രയവും അന്നദാതാവുമായിരുന്ന പിതാവിനെ നഷ്ടപ്പെട്ട ഭദ്രയ്ക്ക് ഇനി അദ്ദേഹത്തിന്റെ സാന്നിധ്യവും പിന്തുണയുമില്ലാതെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടേണ്ടിവരുന്നു.
ഈ ധീരയായ മകളെ ചേർത്തുപിടിക്കുകയും അവൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്.
നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ അവൾക്കൊപ്പം നിൽക്കാനും അന്തസോടെ ജീവിതം പുനർനിർമിക്കാൻ അവളെ സഹായിക്കാനും നമുക്ക് കഴിയണം.
നിന്റെ ധൈര്യവും ഉറച്ച നിലപാടുകളും ആത്മവിശ്വാസവും ഇനിയും എണ്ണമറ്റ ആളുകൾക്ക് പ്രചോദനമാകട്ടെ. കരുത്തോടെ മുന്നേറുക, ഭദ്രാ! നിന്റെ നീതിക്കായുള്ള പോരാട്ടത്തിൽ സമൂഹം നിനക്കൊപ്പം നിലകൊള്ളും.’’
ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റും ജെഎൻയു ഗവേഷകയുമാണ് നേഹ ബോറ.
തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന നേഹ ബോറയുടെ റീൽ വിനീത് ശ്രീനിവാസൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
‘അവകാശങ്ങളെക്കുറിച്ച് അറിഞ്ഞ് വളരുന്ന ഒരു മകളെയാണ് എനിക്ക് വേണ്ടത്! ഈ ലോകത്ത് കേവലം അതിജീവനത്തിനായി മാത്രം പഠിച്ച് വളരുന്നതും, പങ്കാളിയെ പരിപാലിക്കുകയാണ് തന്റെ ജീവിതത്തിലെ ഏക ലക്ഷ്യം എന്ന് ചിന്തിക്കുന്നതും എനിക്കിഷ്ടമല്ല.
സ്വന്തം മൂല്യമറിയുന്ന, ആരുടെയും സഹായം ആവശ്യമില്ലാത്ത, നിശബ്ദയാക്കപ്പെടാനോ സ്വന്തമായിരിക്കാൻ അനുവാദം വാങ്ങാനോ നിൽക്കാത്ത, ലോകം മുഴുവൻ എതിരായാലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി അവൾ വളരണം. എന്റെ മകൾ ആരായി വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് അറിയാമോ? അവൾ,’’വിനീത് ശ്രീനിവാസൻ പങ്കുവച്ച റീലിൽ പറഞ്ഞതിങ്ങനെയായിരുന്നു.