ഛണ്ഡീഗഡ്: പഞ്ചാബിൽ എഎപിക്ക് തിരിച്ചടിയായി കൊഴിഞ്ഞുപോക്ക് തുടരുന്നു. മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്റെ പിതൃ സഹോദരന്റെ മകൻ ഗ്യാൻ സിംഗ് മൻ ബിജെപിയിൽ ചേർന്നു. പഞ്ചാബിലെ എഎപി സർക്കാരിന്റെ കടുത്ത വിമർശകനായിരുന്നു ഗ്യാൻ സിംഗ് മൻ.
പഞ്ചാബിൽ എഎപിയുടെ വളർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ചിട്ടുള്ള ഗ്യാൻ സിംഗ് കഴിഞ്ഞ ഒരു വർഷമായി പാർട്ടിയുമായി അകൽച്ചയിലായിരുന്നു. 2025ലെ പ്രളയം സർക്കാർ കൈകാര്യം ചെയ്ത രീതിക്കെതിരെ അദ്ദേഹം വിമർശനം ഉയർത്തിയിരുന്നു.
ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനി, പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ജാഖർ എന്നിവർ ചേർന്നാണ് ഗ്യാൻ സിംഗ് മന്നിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. അടുത്തിടെ എഎപി രാജ്യസഭാംഗങ്ങൾ ഉൾപ്പടെയുള്ളവർ ബിജെപിയിൽ ചേർന്നിരുന്നു.