തിയറ്ററുകളിൽ വൻവിജയം നേടി മുന്നേറുന്ന വാഴ2 സിനിമയ്ക്കെതിരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ).
സ്ഥിരമായി ആയുർവേദ മരുന്ന് കഴിക്കുന്ന ഒരു കഥാപാത്രം അസുഖബാധിതനാകുന്നതായി കാണിക്കുന്നതാണ് വിവാദത്തിനു കാരണം.
ബിജുക്കുട്ടന്റെ കഥാപാത്രത്തിന് കരൾ രോഗം വരുന്നത് അരിഷ്ടം കഴിച്ചത് കൊണ്ടാണ് എന്ന രീതിയിൽ ചിത്രത്തിൽ കാണിക്കുന്നത് തെറ്റായ സന്ദേശമാണ സമൂഹത്തിന് നൽകുന്നതെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നു.
സീൻ നീക്കിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നിലപാട്.
‘‘ഈ രംഗം കാണുന്ന ആളുകൾ വിചാരിക്കുന്നത് അരിഷ്ടം മദ്യത്തേക്കാൾ മോശമാണെന്നാണ്. നമ്മുടെ നാട്ടിൽ അരിഷ്ടം കഴിക്കുന്ന എത്രയോ രോഗികളുണ്ട്.
അവർക്കൊന്നും ഇങ്ങനെയൊന്നു സംഭവിച്ചതായി കേട്ടിട്ടില്ല. മാത്രമല്ല സിനിമയിലെ ആ കഥാപാത്രം ഒരു ഡോക്ടറെയോ മറ്റോ കാണാതെയാണ് ഉപയോഗിക്കുന്നത്.
സ്വന്തം ഇഷ്ടപ്രകാരം കഴിക്കുന്ന രീതിയിലാണ് കാണിക്കുന്നത്. ഓരോ അസുഖത്തിനും ഇത്ര ഡോസിലാണ് അരിഷ്ടം കഴിക്കേണ്ടത്. ആയുർവേദ മരുന്നല്ലേ സൈഡ് ഇഫക്ട് ഉണ്ടാകില്ല എന്നൊക്കെ വിചാരിച്ചാലും ശരിയായ രീതിയിൽ അല്ല ഉപയോഗിക്കുന്നതെങ്കിൽ പ്രത്യാഘാതം ഉണ്ടാകാം. അതൊന്ന് ആളുകൾ ശ്രദ്ധിക്കേണ്ട കാര്യമാണ്.’’–എഎംഎഐ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം വാഴ 2 വിന്റെ അണിയറ പ്രവർത്തകർ ഇതിൽ പ്രതികരിച്ചിട്ടില്ല.