പെരുമ്പാവൂർ: സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച കോളജ് വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു. വൈക്കം പാറയ്ക്കൽ ആനിക്കാട് റോയിയുടെ മകൾ റിയ റോയ്(18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് രായമംഗലം പ്ലാപ്പറമ്പിൽ അലൻ ജോർജ് റോയിയെ(18) പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജ് ഓഫ് ആർട്സ് ആൻഡ് അപ്ലൈഡ് സയൻസസിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥികളാണ്.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് കുറുപ്പംപടി - കുറിച്ചിലക്കോട് റോഡിൽ കുറുപ്പംപടി ഡേവിഡ് ലാഡ് ഹോട്ടലിന് സമീപത്തായിരുന്നു അപകടം. കോടനാട് ഭാഗത്തുനിന്ന് വരികയായിരുന്നു ബൈക്കും ഓട്ടോറിക്ഷയും. മുന്നിലായി സഞ്ചരിച്ച ഓട്ടോറിക്ഷ വലതുവശത്തെ ഇടറോഡിലേക്കു തിരിഞ്ഞപ്പോൾ പിറകെയെത്തിയ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റിയയും അലനും റോഡിൽ തലയിടിച്ചു വീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും റിയയുടെ ജീവൻ രക്ഷിക്കാനായില്ല. റിയ റോയ് കോളജിലെ അറിപ്പെടുന്ന ഗായികയായിരുന്നു. മാതാവ്: മറീന ജോസ്.