കൊച്ചി: പരിശോധനകള്‍ കുറഞ്ഞതോടെ ജില്ലയില്‍ വീണ്ടും അനധികൃത ബൈക്ക് ടാക്സികള്‍ കുടുന്നു. സ്വകാര്യ ബസുകളുടെ നിയമലംഘനം പെരുകിയതിനു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധകള്‍ ഈ മേഖലയിലേക്ക് തിരിഞ്ഞതോടെയാണ് അനധികൃത ബൈക്ക് ടാക്സികള്‍ സര്‍വീസുമായി വീണ്ടും നിരത്തിലിറങ്ങിയിട്ടുള്ളത്.
കൊച്ചിനഗരത്തിലടക്കം പഠനാവശ്യങ്ങള്ക്കെത്തുന്ന വിദ്യാര്‍ഥികളും യുവാക്കളുമാണ് ബൈക്ക് ടാക്സി സര്‍വീസുകളില്‍ കൂടുതലും. വലിയ സാമ്പത്തിക നിക്ഷേപമില്ലാതെ തന്നെ അധിക വരുമാനം കണ്ടെത്താം എന്നതാണ് പലരെയും പ്രത്യേകിച്ച് യുവാക്കളെയും വിദ്യാര്‍ഥികളെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്.
റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും ജോലിസ്ഥലത്തേക്കും മറ്റും എളുപ്പത്തില്‍ എത്താനുള്ള ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി എന്ന നിലയില്‍ യാത്രക്കാരും ഇത്തരം സേവനങ്ങളെ ആശ്രയിക്കുന്നു. സ്വകാര്യ ബൈക്കുകളെ രജിസ്റ്റര്‍ ചെയ്യാന്‍ ആപ്പുകള്‍ അനുവദിക്കുന്നതാണ് അനധികൃത ബൈക്ക് ടാക്സികള്‍ കൂടുന്നതിനുള്ള കാരണം.
മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് അഗ്രഗേറ്റര്‍ ലൈസന്‍സ് നേടിയ യൂബര്‍, റാപ്പിഡോ ആപ്പുകള്‍ക്ക് കീഴിലാണ് ഓണ്‍ലൈന്‍ ബൈക്ക് ടാക്സികള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടിലുമായി നൂറുകണക്കിന് പേര് ജില്ലയില്‍ ഉണ്ടെന്നാണ് വിവരം.
ഇവരുടെ കൃത്യമായ വിവരം റാപ്പിഡോയും യൂബറും ഇതുവരെ മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിട്ടില്ല. അതേസമയം വാഹന്‍ വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ബൈക്ക് ടാക്സികള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുന്നത്.
എന്നിട്ടും എത്രപേരുണ്ടെന്ന കണക്കോ വിവരങ്ങളോ സംസ്ഥാനത്ത് ഗതാഗതവകുപ്പിന്റെ പക്കലുമില്ല. സ്വകാര്യ ബസുകളുടെയടക്കം റോഡില്‍ നിയമലംഘനങ്ങള്‍ പെരുകുന്നതിനിടെ പരിശോധനകള്‍ക്കായി മതിയായ ഉദ്യോഗസ്ഥരില്ലെന്നതും വെല്ലുവിളി സൃഷ്ടിക്കുന്നു.
യാത്രക്കാര്‍ ബൈക്ക് ടാക്സി വിളിക്കുമ്പോള്‍ അത് മഞ്ഞ നമ്പര്‍പ്ലേറ്റ് ഉള്ള നിയമപരമായ വാഹനമാണോ എന്നുറപ്പു വരുത്തേണ്ടത് സ്വന്തം സുരക്ഷയുടെ ഭാഗമാണ്.സര്‍ക്കാര്‍ അംഗീകരിച്ച സുരക്ഷിതമായ സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
വെള്ളയല്ല; വേണ്ടത് മഞ്ഞ
ജില്ലയില്‍ ഓടുന്ന ഭൂരിപക്ഷം ബൈക്ക് ടാക്സികള്‍ക്കും നമ്പര്‍ പ്ലേറ്റ് വെള്ളയാണ്. ഇത് നിയമവിരുദ്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. എന്നാല്‍ ഓണ്‍ലൈന്‍ ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ് സര്‍വീസ് നടത്തുന്ന പല ബൈക്ക് ടാക്സി ഡ്രൈവര്‍മാര്‍ക്കും ഇക്കാര്യമറിയില്ല. ബൈക്ക് ടാക്സിയായി ഓടണമെങ്കില്‍ ആര്‍ടി ഓഫിസില്‍ ഫീസടച്ച് കണ്‍വേര്‍ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണം. ഒപ്പം ബൈക്കിന്റെ മറ്റുരേഖകളും കൃത്യമായിരിക്കണം.
മഞ്ഞനമ്പര്‍ പ്ലേറ്റോടെ മാത്രമേ ഓണ്‍ലൈന്‍ ബൈക്ക് ടാക്സികള്‍ക്ക് സര്‍വീസ് നടത്താനാകൂ. ഇതിനുവിരുദ്ധമായി സര്‍വീസ് നടത്തിയാല്‍ 3,000 മുതല്‍ 6,000 വരെ പിഴയീടാക്കും. ഡ്രൈവര്‍ക്ക് മാത്രമായിരിക്കും പിഴ. ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമെടുക്കാനാകും.
ടാക്സി പെര്‍മിറ്റില്ലാത്ത വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ക്ലെയിം നിരസിച്ചേക്കും. വാഹനരേഖകള്‍ കൃത്യമാകാതിരുന്നാലും ഇതുതന്നെ സ്ഥിതി. ഇനി സാധാരണ വാഹന ഇന്‍ഷ്വറന്‍സായി സമീപിച്ചാലും ഫുള്‍ കവര്‍ ഇന്‍ഷ്വറന്‍സ് ഇല്ലെങ്കില്‍ തിരിച്ചടിയാകും. എല്ലാ രേഖകളും കൃത്യമായാലും അപകടമുണ്ടായാല്‍ പൊലിസ് എങ്ങനെ കേസെടുക്കുന്നു എന്നതും ഇന്‍ഷ്വറന്‍സ് ക്ലെയിമിനെ ബാധിക്കും.