ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാർ ഇടിപ്പിച്ച് വീഴ്ത്തി. സിയ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിയ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
സ്പോർട്സ് ബൈക്കിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന സിയയെ കാറിലെത്തിയ ഒരു സംഘം പിന്തുടരുകയായിരുന്നു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി സിയ പറയുന്നു. അകലം പാലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ പ്രകോപനപരമായി പെരുമാറുകയും ബൈക്ക് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. വാഹനം തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും മറികടന്ന് കാർ സിയയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിൽ തെറിച്ചുവീണ സിയയുടെ ബൈക്ക് കാറിനടിയിൽപ്പെട്ട് കുറേ ദൂരം വലിച്ചിഴച്ചു. അപകടത്തിന് ശേഷം തൊട്ടടുത്ത ട്രാഫിക് സിഗ്നലിൽ വച്ച് സിയയുടെ സുഹൃത്തുക്കൾ കാർ തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.
ബൈക്കിൽ ഘടിപ്പിച്ചിരുന്ന ആക്ഷൻ കാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഗുരുഗ്രാമിലെ റോഡുകൾ സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്നും ഇത്തരം ആളുകൾക്ക് നിയമത്തെ പേടിയില്ലെന്നും സിയ പങ്കുവച്ചു. കാറിന്റെ രജിസ്ട്രേഷൻ വിവരങ്ങളും ആർസി ഉടമയുടെ വിവരങ്ങളും സിയ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോ പ്രചരിച്ചതിനെ തുടർന്ന് പൊലിസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.