ന്യൂഡൽഹി: സന്ദേശങ്ങൾ അയക്കാനുള്ള ഒരു ആപ്പ് എന്ന നിലയിൽ നിന്ന് വാട്സ്ആപ്പ് കൂടുതൽ സേവനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് പുതിയ 'ബിൽ പേയ്മെന്റ്സ്' ഫീച്ചർ അവതരിപ്പിച്ചു.
ഇനി മുതൽ വാട്സ്ആപ്പ് ആപ്പ് വിട്ടുപോകാതെ തന്നെ വൈദ്യുതി, ഗ്യാസ്, ജലം, ഫാസ്ടാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ, വായ്പ തിരിച്ചടവുകൾ തുടങ്ങിയവയെല്ലാം ഉപയോക്താക്കൾക്ക് അടയ്ക്കാൻ സാധിക്കും. ഭാരത് കണക്ട് അഥവാ ബിബിപിഎസ് നെറ്റ്വർക്കിന്റെ പിന്തുണയോടെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഇതിലൂടെ 30 വിഭാഗങ്ങളിലായി 22,700ലധികം ബില്ലറുകളുടെ സേവനം ലഭ്യമാകും.
ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ മുൻനിര ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായി നേരിട്ടുള്ള മത്സരത്തിനാണ് ഈ പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് തുടക്കമിട്ടിരിക്കുന്നത്. എൻപിസിഐ ഡാറ്റ പ്രകാരം നിലവിൽ ഇന്ത്യയിലെ യുപിഐ, ഡിജിറ്റൽ യൂട്ടിലിറ്റി പേയ്മെന്റ് വിപണിയുടെ 80 ശതമാനത്തിലധികം നിയന്ത്രിക്കുന്നത് ഫോൺപേയും ഗൂഗിൾ പേയുമാണ്. ഈ വിപണിയിൽ സ്വന്തമായൊരു ഇടം കണ്ടെത്താനാണ് വാട്സ്ആപ്പ് ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്.
വാട്സ്ആപ്പ് ഹോം സ്ക്രീനിന്റെ മുകളിലുള്ള രൂപയുടെ ചിഹ്നത്തിൽ ടാപ്പ് ചെയ്യുക. ആവശ്യമായ ബിൽ വിഭാഗവും ബില്ലറും തെരഞ്ഞെടുക്കുക. അക്കൗണ്ട് വിവരങ്ങൾ നൽകി സ്ഥിരീകരിച്ച ശേഷം യുപിഐ , ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം നൽകാം.ഒരിക്കൽ ബിൽ അടച്ചു കഴിഞ്ഞാൽ, അടുത്ത തവണ എളുപ്പത്തിൽ പണമടയ്ക്കുന്നതിനായി ആ ബില്ലർ പേയ്മെന്റ്സ് ഹോം സ്ക്രീനിൽ കാണിക്കും.
ഒരേ ബില്ലറിന് കീഴിൽ ഒന്നിലധികം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യവും ഈ ഫീച്ചറിലുണ്ട്. ഇതിലൂടെ വീട്, ഓഫീസ്, കുടുംബാംഗങ്ങൾ എന്നിവരുടെയെല്ലാം ബില്ലുകൾ വെവ്വേറെ ആപ്പുകൾ മാറാതെ ഒരിടത്തുനിന്ന് തന്നെ ട്രാക്ക് ചെയ്യാനും അടയ്ക്കാനും സാധിക്കും. കൂടുതൽ ഉപയോഗിക്കുന്ന ബിൽ വിഭാഗങ്ങൾ പേയ്മെന്റ്സ് ഹോം സ്ക്രീനിൽ സ്വയം പ്രത്യക്ഷപ്പെടും. കൂടാതെ, 20ലധികം വിഭാഗങ്ങളുടെ മുഴുവൻ ലിസ്റ്റും പരിശോധിക്കാൻ സീ ഓൾ ഓപ്ഷനും ലഭ്യമാണ്.
ഇന്ത്യയിൽ വാട്സ്ആപ്പ് ഒരു സാധാരണ ചാറ്റിങ് ആപ്പിനേക്കാൾ ഉപരിയായി ദൈനംദിന സേവനങ്ങൾ നൽകുന്നതിനുള്ള വലിയൊരു ചുവടുവെപ്പാണ് ഈ പുതിയ ഫീച്ചർ. മൊബൈൽ റീചാർജ് ചെയ്യാനും, വിവിധ നഗരങ്ങളിൽ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും, ഔദ്യോഗിക ചാറ്റ്ബോട്ടുകൾ വഴി സർക്കാർ സേവനങ്ങൾ തേടാനും ഉപയോക്താക്കൾ ഇതിനോടകം തന്നെ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ നിരയിലേക്കാണ് ഇപ്പോൾ യൂട്ടിലിറ്റി ബിൽ പേയ്മെന്റുകളും എത്തിയിരിക്കുന്നത്.
ഈ പുതിയ ഫീച്ചർ ഇന്ത്യയിലുടനീളം ഘട്ടം ഘട്ടമായി നടപ്പിലാക്കിവരികയാണെന്നും, വരുന്ന ആഴ്ചകളിൽ എല്ലാ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കും ഇത് ലഭ്യമാകുമെന്നും വാട്സ്ആപ്പ് അറിയിച്ചു.