പത്തനംതിട്ട: പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായി പിന്തുണയ്ക്കുകയാണെന്നും ഇത് ജനങ്ങളോടുള്ള കൊടും ചതിയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 28ന് ഏഴ് വില്ലേജുകളിലും കരിദിനം ആചരിക്കും.
ജില്ലയില്‍ ഏഴ് വില്ലേജുകളാ ണ് പരിസ്ഥിതി ലോല മേഖലയില്‍ വരിക. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നല്കിയ നിര്‍ദേശങ്ങളില്‍ ജില്ലയിലെ ഒരു വില്ലേജിനെ പോലും ഒഴിവാക്കിയില്ല. ജനവാസമേഖലയാണ് ഈ വില്ലേജുകളിലെ അധികം സ്ഥലങ്ങളും. 2018ല്‍ പിണറായി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു നല്കിയ നിര്‍ദേശത്തില്‍ ഏഴ് വില്ലേജുകളിലെ ജനവാസമേഖലകളെ ഒഴിവാക്കി പരിസ്ഥിതി ലോല പ്രദേശം വനത്തിനുള്ളില്‍ നിലനിര്‍ത്തണമെന്നു നിലപാട് എടുത്തിരുന്നു. അതിനു കടകവിരുദ്ധമായി ജനവാസ കേന്ദ്രങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയ നിര്‍ദേശമാണ് യുഡിഎഫ് അംഗീകരിച്ചിരിക്കുന്നത്.
നിര്‍ദേശങ്ങള്‍ നടപ്പായാല്‍ 10 -15 വര്ഷത്തിനുള്ളില്വീടും ഭൂമിയും ഒക്കെ ഉപേക്ഷിച്ചു ജനങ്ങള്‍ക്ക് മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ടിവരും. മേഖലയില്‍ ഏതു നിര്‍മാണത്തിനും കേന്ദ്രസര്‍ക്കാരിനു കീഴിലെ അഥോറിറ്റിയുടെ അനുമതി വാങ്ങേണ്ടിവരും.
ഗാഡ്ഗില്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നതുപോലെ ആനകള്‍ക്കും കടുവകള്‍ക്കും സ്വൈരമായി നടക്കാനുള്ള ഇടനാഴികളാണ് ഇത്തരം പ്രദേശങ്ങള്‍ എന്ന വാദമാണ് ഹരിത എംഎല്‍എമാരുടെ നേതാവായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശന് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ഇടുക്കി ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇതിന്റെ ഭാഗമാണെന്നും സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തി.
ജില്ലയിലെ ഏഴ് വില്ലേജുകളും പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകസംഘം നേതൃത്വത്തില്‍ 75,000ത്തിലധികം അപ്പീലുകള്‍ അയച്ചിട്ടുണ്ട്. പെരുനാട്, ചിറ്റാർ, സീതത്തോട്, വടശേരിക്കര വില്ലേജുകളില്‍ നിന്ന് 15,000ലധികവും കൊല്ലമുള, തണ്ണിത്തോട് വില്ലേജുകളില്‍ നിന്ന് 15,000 വീതം അപ്പീലുകളുമാണ് അയച്ചിരിക്കുന്നത്.
പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ജില്ലയിലെ ജനവാസ മേഖലകള്‍ ഒഴിവാക്കുന്നില്ലെങ്കില്‍ സിപിഎം ശക്തമായ സമര പരിപാടികള്‍ തുടരുമെന്നും രാജു ഏബ്രഹാം പറഞ്ഞു. കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ, കര്‍ഷകസംഘം നേതാവ് ഓമല്ലൂര്‍ ശങ്കരന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.