തിരുവനന്തപുരം: രാജ്യവ്യാപകമായി പാചകവാതക പ്രതിസന്ധി തുടരവേ, ഇന്നു മുതൽ എൽപിജി ബുക്കിംഗ് സംബന്ധിച്ച് ആശങ്കയുണ്ടാകില്ലെന്ന് ഉറപ്പ് നല്കി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ഗാർഹിക സിലിണ്ടറിൽ ആശങ്ക വേണ്ടെന്ന് പൊതുമേഖല എണ്ണക്കമ്പനികൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം വന്നപ്പോൾ കേരളത്തിൽ പാചകവാതക വിതരണത്തിൽ ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നത തലയോഗം വിളിച്ചു ചേർത്തുവെന്നും ജി.ആർ. അനിൽ അറിയിച്ചു.
ഗാർഹികേതര സിലിണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഇതിനായി മുൻഗണനാ പട്ടികകൾ തയാറാക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ ശക്തമായ നടപടി ഉണ്ടാകും. മണ്ണെണ്ണയുടെ വിഹിതം കൂട്ടുമെന്നും ഉടൻ ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് എല്‍പിജി ക്ഷാമം രൂക്ഷമാണ്. വാണിജ്യ സിലിണ്ടറുകള്‍ക്കു മാത്രമല്ല, ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്.
തിരുവനന്തപുരത്ത് ഒരാഴ്ച മുന്‍പ് ബുക്ക് ചെയ്ത സിലിണ്ടറുകള്‍ പോലും ഇതുവരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല. ഇനിയും ഒരാഴ്ചകൂടി കാത്തിരിക്കാനാണ് ഗ്യാസ് ഏജന്‍സിയില്‍നിന്നു ലഭിക്കുന്ന മറുപടി. നിലവില്‍ പല ഏജന്‍സികളും ബുക്കിംഗ് സ്വീകരിക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്. എല്‍പിജി ക്ഷാമം കടുത്തതോടെ പല ഗ്യാസ് ഏജന്‍സികളിലും ബുക്കിംഗിനായി നല്‍കിയിരുന്ന ഫോണ്‍ നമ്പരുകൾ പ്രവര്‍ത്തന രഹിതമായി.
തിരുവനന്തപുരം നഗരത്തില്‍ വാണിജ്യ-ഗാര്‍ഹിക എല്‍പിജി ക്ഷാമം രൂക്ഷമായി തുടരുകയാണ്. ജില്ലയില്‍ പല ഹോട്ടലുകളും അടച്ചുകഴിഞ്ഞു. റസ്റ്റോറന്റുകളുടെ പുറത്ത് ‘ഗ്യാസ് ഇല്ലാത്തതിനാല്‍ താത്കാലികമായി അടച്ചിരിക്കുകയാണെ'ന്ന നോട്ടീസുകളും പതിച്ചിട്ടുണ്ട്. പല ഹോട്ടലുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഊണ് തയാറാക്കുന്നതിന് കൂടുതല്‍ ഇന്ധനം വേണമെന്നതിനാല്‍ ചില റസ്റ്ററന്റുകള്‍ ഊണ് കൊടുക്കുന്നില്ല.
ഒറ്റപ്പാത്രത്തില്‍ തയാറാക്കാവുന്ന ബിരിയാണി പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനാണ് കടയുടമകള്‍ ശ്രമിക്കുന്നത്. പലയിടത്തും ലൈവ് കൗണ്ടറുകളും പ്രവര്‍ത്തനം നിര്‍ത്തി. ബേക്കറികളും പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. രാത്രികാല തട്ടുകടകളും വരുംദിവസങ്ങളില്‍ പ്രതിസന്ധിയിലായേക്കും.