കാക്കനാട്: ഓലിമുകൾ ഓണം പാർക്കിനു സമീപം റോഡിൽ യു ടേൺ എടുക്കവേ നിയന്ത്രണം വിട്ട സൈക്കിൾ താഴേയ്ക്ക് പതിച്ച് 12 കാരിയായ റിഹാന കാതറിൻ മരിക്കാനിടയായത് അശാസ്ത്രീയമായ റോഡ് നിർമാണം മൂലമെന്ന് പ്രദേശവാസികൾ. നിലവിലുണ്ടായിരുന്ന പഴയ റോഡിന് ഉയരം കൂട്ടേണ്ടതായ ഒരു സാഹചര്യവും ഇല്ലാതിരിക്കെയാണ് ഇവിടെ റോഡ് നിരപ്പിൽ നിന്നും ഒന്നര മീറ്റർ ഉയരത്തിൽ മണ്ണിട്ട് നികത്തി ഇന്റർ ലോക്ക് കട്ട വിരിച്ചതെന്ന് കുട്ടി വീണുമരിച്ച സ്ഥലത്തെ ഫ്ലാറ്റിലെ താമസക്കാർ പറയുന്നു.
പഴയ റോഡിനോട് ചേർന്നു നിന്നിരുന്ന കൂറ്റൻ ആഞ്ഞിലിമരം മുറിച്ചുമാറ്റി നിലവിലുണ്ടായിരുന്ന ടാർ റോഡ് മാറ്റിയ ശേഷം ഈ ഭാഗത്ത് അപകടങ്ങൾ പതിവായിരുന്നു. ഫ്ലാറ്റുടമ നിർമിച്ച ഒന്നര മീറ്റർ പൊക്കം കോൺക്രീറ്റ് മതിലിന്റെ ലെവലിൽ മണ്ണടിച്ച് കട്ടപാകി ഉയരം കൂട്ടുകയായിരുന്നു. നഗരസഭ റോഡിന്റെ ഉയരം കൂട്ടിയപ്പോൾ 30 അടി താഴ്ചയുള്ള ഭാഗത്തേക്ക് പതിച്ച് അപകടം ഉണ്ടാവാതിരിക്കാൻ റോഡിനോട് ചേർന്ന് സുരക്ഷാ കമ്പിവേലി സ്ഥാപിക്കാൻ നഗരസഭ തയാറായില്ലെന്നും നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കമ്പിവേലി നിർമിക്കാൻ ഫ്ലാറ്റുടമകൾക്ക് അനുമതി നൽകിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
റോഡിൽ അപകടം വിളിച്ചുവരുത്തുന്ന യുടേണും ഉണ്ടായിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. സഹോദരനാപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെ റോഡിലെ ഈ യുടേണിൽ നിയന്ത്രണം വിട്ടാണ് റിഹാന മുപ്പതടി താഴ്ചയിലേക്ക് പതിച്ചത്. നഗരസഭയിലേക്ക് പ്രതിഷേധം ഉണ്ടായേക്കുമെന്ന് ഭയന്ന് പോലീസ് സാന്നിധ്യം ഉറപ്പാക്കിയാണ് ഇന്നലെ ഓഫീസുകൾ പ്രവർത്തിച്ചത് .