‘അക്ഷര, നമ്മള് ഒരുമിച്ചുള്ള ആദ്യത്തെ ചിത്രം!ഇതൊരു വെറും യാദൃശ്ചികതയാണോ, നിനക്കോര്മയുണ്ടോ? 2023 നവംബര്‍ 4നാണ് ഞാന്‍ ആദ്യമായി മാട്രിമോണി സൈറ്റില്‍ നിന്റെ പ്രൊഫൈല്‍ കാണുന്നതും നിന്നെക്കുറിച്ച് അറിയുന്നതും. കൃത്യം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2026 നവംബര്‍ 4ന് തന്നെ നീ എന്നെ വിട്ടുപോകാന്‍ തെരഞ്ഞെടുത്തു. നിനക്കറിയാമോ, ഇക്കാര്യം നിനക്കറിയാമായിരുന്നോ, അതോ ഇതൊരു യാദൃശ്ചികതയായിരുന്നോ എനിക്കറിയില്ലായിരുന്നു, തീയതികളുടെ കാര്യത്തില്‍ നിനക്കല്ലേ നല്ല അറിവുള്ളൂ!നീ എന്നോട് ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല. സത്യമായും നീ ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍, നീ എന്നെ വിട്ടുപോയ ആ നിമിഷം വരെ നടന്ന ഓരോ കാര്യവും ഓരോ ചെറിയ കാര്യവും മുന്‍കൂട്ടി എഴുതിവെച്ചതുപോലെ എനിക്ക് തോന്നി. എനിക്കത് അനുഭവിക്കാന്‍ കഴിയുന്നുണ്ടായിരുന്നു. എനിക്കിത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. എല്ലാം, ഓരോ കാര്യവും ആരോ മുന്‍കൂട്ടി തയാറാക്കി വെച്ചതുപോലെയാണ് എനിക്ക് തോന്നുന്നത്. നിന്നെ ഇങ്ങനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ഒന്ന് തിരിച്ചു വരൂ!! വരൂ...നീ എന്നോട് ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല. നമ്മളാരോടും നീ ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല. നിനക്ക് ചുറ്റും നിന്നെ ഒരുപാട് സ്നേഹിക്കുന്ന, ഭ്രാന്തമായി സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് നിനക്കറിയാമല്ലോ. നിന്റെ പുഞ്ചിരി, ഉത്സാഹം, ചിരി, സംസാരം, ഊര്‍ജ്ജസ്വലമായ പ്രകൃതം, ആവേശം, പാട്ട്, ചലനങ്ങള്‍ അങ്ങനെ എല്ലാം അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക് ഇനി അതൊക്കെ കാണാന്‍ കഴിയുമോ എനിക്ക് ഇനി അതൊക്കെ കാണാന്‍ കഴിയുമോ ഇല്ല... ഇല്ല എന്ന് പറഞ്ഞാല്‍ ഇല്ല എന്ന് തന്നെയാണ് അര്‍ഥം. ആ ഓരോ വാക്കും ഇപ്പോള്‍ എന്നെ വേട്ടയാടുകയാണ്. ഓരോ വാക്കും, ഓരോ വാക്യവും... എല്ലാം!നീളമേറിയ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ എനിക്ക് ഇഷ്ടമല്ലെന്നും, ഞാന്‍ അങ്ങനെയുള്ള ഒരാളല്ലെന്നും നിനക്കറിയാമല്ലോ. എങ്കിലും ഞാനിത് എഴുതുന്നത്, എവിടെയോ സുരക്ഷിതമായ, സമാധാനമുള്ള, ശാന്തമായ ഒരിടത്തിരുന്ന് നീ ഇതൊക്കെ വായിക്കുന്നുണ്ടാകും എന്ന് കരുതിയാണ്. നീ ഇതൊക്കെ വായിച്ചു കഴിഞ്ഞെങ്കില്‍, എപ്പോഴെങ്കിലും സമയം കിട്ടുമ്പള്‍ എനിക്കൊരു സൂചന തരണം.
ദയവായി... എന്റെ സ്വപ്ന്തിലെങ്കിലും ഒരിക്കല്‍ വരണം. എന്നിട്ട് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറയണം: വരുണ്‍, ഞാന്‍ കേട്ടു. നീ പറഞ്ഞതെല്ലാം ഞാന്‍ കേട്ടു. നീ ഇപ്പോഴും പറയുന്നതെല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ട്. വിഷമിക്കേണ്ട, ഞാന്‍ നിന്റെ കൂടെയുണ്ട്. എപ്പോഴും നിന്റെ കൂടെത്തന്നെയുണ്ട്. ഇതൊന്നു പറയാന്‍ വേണ്ടി മാത്രം തിരിച്ചു വരൂ... ദയവായി. വരുമോ നീ ഞാന്‍ കാത്തിരിക്കുകയാണ്... ഞാന്‍ കാത്തിരിക്കുകയാണ്. ദയവായി തിരികെ വരൂ നിനക്ക് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ നല്‍കാനുണ്ട്, അത് നിനക്കറിയാമല്ലോ .....’ ഒരുമിച്ചുള്ള ജീവിതം തുടങ്ങി മൂന്നുവര്‍ഷം ആകുമ്പോഴേ ജീവിതസഖിയെ നഷ്ടമായ ഒരു യുവാവിന്റെ നീറുന്ന വേദനയും ഓര്‍മകളുമാണ് ഈ കുറിപ്പിലുള്ളത്. കഴിഞ്ഞ നാലിന് രാവിലെ 8.20ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് മരിച്ചഇന്ഫോപാര്ക്ക് ഇവൈ കമ്പനി ജീവനക്കാരിയായ തൃശൂര്‍ തോളൂര്‍ കായമ്പിള്ളി സ്വദേശി അക്ഷര(29)യുടെ ഭര്‍ത്താവ് വരുണ്‍ സുനില്‍, ഭാര്യയുടെ മരണശേഷം ഫേസ്ബുക്കില്‍ പങ്കുവച്ചതാണിത്. ബസ് ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നു, പ്രതീക്ഷകളായിരുന്നു.
ഇനിയും എത്രയോ കാലം ഒരുമിച്ചു ജീവിക്കേണ്ടവർ.... സമീപത്തെ ജിംനേഷ്യത്തില്‍ വ്യായാമം കഴിഞ്ഞ് റോഡിന്റെ അരുകിലൂടെ നടന്നുവരുമ്പോഴാണ് ഇന്‍ഫോപാര്‍ക്കില്‍നിന്ന് എറണാകുളത്തേക്ക് അമിതവേഗത്തില്‍ പോകുകയായിരുന്ന മലയില്‍ എന്ന സ്വകാര്യ ബസ് അക്ഷരയുടെ ദേഹത്തേക്ക് ഇടിച്ചുകയറിയത്. ബസിന്റെ ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ യുവതിയെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. അപകടം നടന്ന കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ കുഴിക്കാട്ടുമൂല പള്ളിക്ക് തൊട്ടുമുമ്പുള്ള ബസ് സ്റ്റോപ്പിനടുത്തുവച്ച് സമയം പാലിക്കാനായി ബസ് അമിതവേഗതയെടുത്തതാണ് യുവതിയുടെ മരണത്തിൽ കലാശിച്ചത്. ഡ്രൈവര്‍ക്കെതിരേ ഏഴ് കേസുകള്സംഭവത്തില് മനപൂര്മായ നരഹത്യ ചുമത്തി മലയിൽ എന്ന ബസിന്റെ ഡ്രൈവർ തോപ്പുംപടി സ്വദേശി സി.കെ. ബിനോയി(43)യെ ഇന്‍ഫോപാര്‍ക്ക് പൊലിസ് അറസ്റ്റ് ചെയ്തു. നിലവില്‍ ഇയാള്‍ കാക്കനാട് ജില്ലാ ജയിലിലാണ്. തോപ്പുംപടി പൊലിസ് സ്റ്റേഷനില്‍ രണ്ടു ലഹരിമരുന്ന് കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും പാലാരിവട്ടം പൊലിസ് സ്റ്റേഷനില്‍ ലഹരിമരുന്ന് കേസിലും വാഹാപകട കേസിലും പ്രതിയായിട്ടുള്ള ആളാണ് ബിനോയ്. ഇയാള്‍ക്കെതിരേ കാപ്പ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലുള്ള പൊലിസ്.
‘മലയില്‍’ബസിനെതിരേയുള്ളത് 154 കേസുകള്‍‘മലയില്‍’ എന്ന ബസിനെതിരേ 154 കേസുകളാണ് നിലവിലുള്ളത്. 2022 മുതലുള്ള നാലുവര്‍ഷത്തെ കേസുകളാണിത്. പിഴയടച്ചത് ചുരുക്കം കേസുകളില്‍ മാത്രമാണെന്നാണ് ലഭ്യമാകുന്ന വിവരം. അമിതവേഗം, സിഗ്നല്‍ തെറ്റിക്കല്‍, ഡോര്‍ തുറന്നിട്ടുള്ള യാത്ര, അലക്ഷ്യമായ പാര്‍ക്കിംഗ് തുടങ്ങി ബസിന്റെ പേരില്‍ വ്യാപക നിയമലംഘനങ്ങളാണുള്ളത്. ഇത്രയധികം നിയമലംഘനങ്ങൾ ഉണ്ടായിട്ടും ഈ ബസ് റോഡിലേക്ക് ഇറങ്ങാൻ അനുമതി നൽകിയ അധികൃതർ തന്നെയാണ് യുവതിയുടെ മരണത്തിനും ഉത്തരവാദി.
(തുടരൂ)