ആലപ്പുഴ: 22ന് പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശത്തിന് മാറ്റുകൂട്ടി വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) സി. പ്രേംജി മത്സരം ഉദ്ഘാടനം ചെയ്തു.
ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരം കാണാനും ആസ്വദിക്കാനും നിരവധി വഞ്ചിപ്പാട്ട് പ്രേമികളാണ് എത്തിയത്.
വഞ്ചിപ്പാട്ടിന്റെ താളത്തിനൊപ്പം കൈയടിച്ചും ആർപ്പോ വിളിച്ചും വഞ്ചിപ്പാട്ട് പ്രേമികൾ കൂടെചേർന്നപ്പോൾ ജോൺസ് ഗ്രൗണ്ട് അക്ഷരാർഥത്തിൽ വള്ളംകളിയുടെ ആവേശത്തിലായി. കുട്ടനാട്, ആറന്മുള, വെച്ച് പാട്ട് എന്നീ ശൈലികളിലാണ് മത്സരങ്ങൾ നടന്നത്.
ജില്ലയ്ക്കു പുറത്തുനിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കാനെത്തി. മുൻ എംഎൽഎ സി.കെ. സദാശിവൻ അധ്യക്ഷനായി. ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയറുമായ പി.എസ്. വിനോദ്, റെയ്സ് കമ്മിറ്റിയംഗങ്ങളായ ജോസ് കാവനാട്, കെ.എ. പ്രമോദ്, എ.വി. മുരളി എന്നിവർ പ്രസംഗിച്ചു. പ്രഫ. നെടുമുടി ഹരികുമാർ, അഭിലാഷ്, ഡോ. ബിച്ചു എക്സ് മലയിൽ എന്നിവരായിരുന്നു വിധികർത്താക്കൾ.
സമാപന സമ്മേളനം ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം പി. സതിദേവി അധ്യക്ഷയായി. സമ്മാനദാനം മുൻ എംഎൽഎ കെ.കെ. ഷാജു നിർവഹിച്ചു.