Kerala
തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തി. ഊരുട്ടമ്പലത്ത് നിന്നും കാണാതായ കിളിക്കൂട്ടുകോണം സ്വദേശി സുഭദ്ര(95)യാണ് മരിച്ചത്.
കഴിഞ്ഞദിവസമാണ് ഇവരെ കാണാതായത്. തുടർന്ന് ബന്ധു പോലീസിൽ പരാതി നൽകിയിരുന്നു. അരുവിക്കര ആറിലെ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.
ചൊവ്വാഴ്ച രാവിലെ ആറിന്റെ കടവിൽ നിന്നും വസ്ത്രവും ബാഗും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടുകൾക്കിടയിൽ നിന്നുമാണ് മൃതദേഹം പുറത്തെടുത്തത്.
National
കോൽക്കത്ത: പശ്ചിമബംഗാളിലെ ഗാരിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. സൗമിക് ദാസിന്റെ ഭാര്യ ഇനാക്ഷി ദാസ് (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ സൗമിക് ഒളിവിലാണ്.
ഞായറാഴ്ച രാവിലെ വീട്ടുജോലിക്കാരി സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും എട്ട് വയസുള്ള രോഗബാധിതനായ മകൻ അടുത്ത മുറിയിൽ ഉണ്ടായിരുന്നു.
ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും പോസ്റ്റ്മോർട്ടത്തിന് ശേഷം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ആക്രമിയെ ഇനാക്ഷി പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തലക്കടിയേറ്റതെന്ന് പോലീസ് സംശയിക്കുന്നു.
ഒളിവിൽ പോയ സൗമികിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
കടുത്തുരുത്തി: അമിതരക്തസ്രാവമുണ്ടായ നിലയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച യുവതിയുടെ കുഞ്ഞിനെ മരിച്ച നിലയില്‍ വീട്ടില്‍നിന്നു കണ്ടെത്തി.
കുഞ്ഞിന്റെ മരണവുമായി യുവതിക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിട്ടുണ്ടോയെന്ന് പോലീസ് വിശദമായി പരിശോധിച്ചു വരികയാണെന്ന് കടുത്തുരുത്തി എസ്എച്ച്ഒ ഡി. രെജീഷ്കുമാര് അറിയിച്ചു.
കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ. ചികിത്സയിലുള്ള യുവതിയില്‍നിന്നും വിശദമായി മൊഴിയെടുക്കണം. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തതായും എസ്എച്ച്ഒ അറിയിച്ചു.
കടുത്തുരുത്തി സ്വദേശിനിയായ യുവതിയെയാണ് ശനിയാഴ്ച വൈകിട്ട് നാലോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ അമിതരക്തസ്രാവമുണ്ടായ നിലയയില്‍ ആംബുലന്‍സില്‍ എത്തിച്ചത്.
പ്രസവത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളാണ് യുവതിക്കുള്ളതെന്ന് ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. ആശുപത്രിയധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍നിന്ന് മരിച്ച നിലയില്‍ നവജാതശിശുവിനെ കണ്ടെത്തുകയായിരുന്നു.
പൂര്‍ണ ആരോഗ്യവാനായ 3.1 കിലോ തൂക്കമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ ഇവരുടെ വീട്ടില്‍നിന്നു കണ്ടെത്തിയത്. വിവാഹിതയും നാല് കുട്ടികളുടെ മാതാവുമാണ് 39-കാരിയായ യുവതി.
Kerala
തിരുപ്പതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ അഞ്ച് വയസുകാരനായ മകന്റെ മുന്നിലിട്ട് കൊലപ്പെടുത്തി അമ്മയുടെ കാമുകൻ. തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് കൊലപാതകം നടന്നത്.
തമിഴ്നാട് സ്വദേശിയായ ഗാന്ധി(45)യെ ആണ് ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലു തലക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതി നരസിംഹലുവിനെയും ഇയാളുടെ രണ്ടുകൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരുരാത്രി മുഴുവൻ അഞ്ചുവയസുകാരൻ പിതാവിന്റെ മൃതദേഹത്തിനൊപ്പം കാട്ടിൽ കഴിഞ്ഞു. അടുത്തിടെയാണ് തിരുപ്പതി സ്വദേശിയായ ഗാന്ധിയെയും മകനെയും ഉപേക്ഷിച്ച് രാസാത്തി കാമുകനായ നരസിംഹലുവിനൊപ്പം താമസം ആരംഭിച്ചത്.
വീടുവിട്ടിറങ്ങിയ ഭാര്യക്കായി ഗാന്ധി അന്വേഷണത്തിലായിരുന്നു. രാസാത്തി അന്നമയ്യ ജില്ലയിൽ ഉണ്ടെന്നറിഞ്ഞാണ് ഗാന്ധി മകനുമായി ഇവിടെ എത്തിയത്. അന്വേഷണത്തിനൊടുവിൽ ഗാന്ധി ഭാര്യയുടെ കാമുകനായ നരസിംഹലുവിനെ നേരിട്ടുകണ്ടു.
ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത ഇയാൾ ഗാന്ധിയെ മദ്യപിക്കാൻ ക്ഷണിച്ചു. രണ്ട് കൂട്ടാളികളും നരസിംഹലുവിനൊപ്പം ഉണ്ടായിരുന്നു. പ്രതികൾ സമീപത്തെ വനമേഖലയിലേക്കാണ് ഗാന്ധിയെയും മകനെയും കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച് നരസിംഹലു ഗാന്ധിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ പാർക്കിംഗ് ഏരിയയിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.
മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും ഉടൻ തന്നെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു
സമീപത്തെ എസ്എടി (SAT) ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണിതെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെ മെഡിക്കൽ കോളജ് പാർക്കിംഗിൽ എത്തിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
റാഞ്ചി: ജാർഖണ്ഡിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു നശിപ്പിച്ചു. സിംദേഗ ജില്ലയിലാണ് സംഭവം.
ഒഡീഷ സ്വദേശിയായ ശിവ സാഹു(30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 11 ന് സിംദേഗയ്ക്ക് സമീപമുള്ള ജൽദേഗ പോലീസ് സ്റ്റേഷൻ പരിധിയിലെ തിക്ര വനത്തിൽ നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പ്രതികളിൽ ഒരാളുമായി സാഹുവിന്റെ ഭാര്യയ്ക്ക് സൗഹൃദമുണ്ടായിരുന്നു. ശിവ സാഹു നാളുകളായി ഭാര്യയെ പീഡിപ്പിച്ചു വരികയായിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞ പ്രതി കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് സിംദേഗ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ബൈജു ഒറാവോൺ പറഞ്ഞു.
മാർച്ച് 10 ന്, മൂവരും സാഹുവിനെ തട്ടിക്കൊണ്ടുപോയി ജാർഖണ്ഡിലെ വനമേഖലയിൽ എത്തിച്ച് കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന്, തെളിവ് നശിപ്പിക്കാൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി എസ്ഡിപിഒ പറഞ്ഞു.
സഞ്ജയ് കെർകെട്ട (38), ബുധു ലോഹ്ര (38), കിഷോർ കെർകെട്ട (35) എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.
Kerala
തൃശൂർ: കൊടുങ്ങല്ലൂരില്‍ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലെ ദമ്പതികളുടെ ഫ്ലാറ്റിലാണ് മൂന്ന് മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ചനിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. ഗര്‍ഭിണി ആയിരുന്നെന്നും, മാസം തികയാതെ പ്രസവിച്ചതാണെന്നുമാണ് യുവതിയുടെ മൊഴി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
വയറുവേദന അനുഭവപ്പെടതിനു പിന്നാലെ മാസം തികയാതെ പ്രസവിച്ചുവെന്നാണ് യുവതി പറയുന്നത്. നഴ്സിംഗ് പഠിച്ചിട്ടുള്ളതാൻ ഭ്രൂണം സ്വയം വേർപ്പെടുത്തി. ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിജിൽ സൂക്ഷിച്ചതെന്നും യുവതി പറയുന്നു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
International
ടെഹ്റാൻ: ഇസ്രേലി-അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറേനിയൻ ദേശീയ സുരക്ഷാ സമിതി തലവൻ അലി ലാറിജാനിയുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.
ഇന്നലെ രാവിലെ ടെഹ്റാനിൽ വിലാപയാത്രയിലും ചടങ്ങുകളിലും ആയിരങ്ങൾ പങ്കെടുത്തു. വിപ്ലവഗാർഡിലെ ഉന്നത കമാൻഡർമാരും റെഗുലർ സേനയുടെ മേധാവിമാരും പങ്കെടുത്തു.
ഇറേനിയൻ ഭരണകൂടത്തിലെ നിർണായക ശക്തിയായിരുന്ന അലിയുടെ മരണത്തിൽ പ്രസിഡന്റ് പസെഷ്കിയാൻ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
National
ബംഗുളൂരു: ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ഹൃദയാഘതം മൂലം മരിച്ചെന്ന് വിശ്വസിപ്പിച്ച യുവതിയും കാമുകനും പിടിയിലായി. തുംകൂരു സ്വദേശി കെ. പരമേശി (50) നെയാണ് ഭാര്യ പി. ആശ (46), ആശയുടെ കാമുകൻ ചന്ദ്രപ്പ (48) എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.
പോലീസ് പറയുന്നതനുസരിച്ച് ആശയും ചന്ദ്രപ്പയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം പരമേശ് അറിഞ്ഞതോടെയാണ് ഇദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചത്.
സ്ഥിരമായി മദ്യപിക്കാറുള്ള പരമേശ് ജനുവരി 29ന് രാത്രി മദ്യപിച്ച ശേഷം ഉറങ്ങൻ പോയി. ഈ സമയത്താണ് ആശയും ചന്ദ്രപ്പയും ചേർന്ന് ഇയാളെ ശ്വാസംമുട്ടിച്ച് കൊന്നത്. പിറ്റേന്ന് രാവിലെ പരമേശ് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് ആശ ബന്ധുക്കളെ വിശ്വസിപ്പിക്കുകയും തുടർന്ന് മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
മരണത്തിന് പിന്നാലെ ആശയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങളും ചന്ദ്രപ്പയുമായുള്ള അടുപ്പവും പരമേശിന്റെ സഹോദരി കെ. നാഗമ്മയ്ക്ക് സംശയമുണ്ടാക്കി. നാഗമ്മയുടെ ചോദ്യങ്ങൾക്ക് ആശ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ മാർച്ച് നാലിന് പോലീസിൽ പരാതി നൽകി.
തുടർന്ന് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയും പരമേശിന്റെ മരണം ശ്വാസംമുട്ടിയാണെന്ന് തെളിയുകയും ചെയ്തു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇരുവരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്തു.
District News
എടക്കര: യുകെയിൽ വാഹനാപകടത്തിൽ മരിച്ച വഴിക്കടവ് സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.
വഴിക്കടവ് കവളപ്പൊയ്ക പടിഞ്ഞാറ്റേടത്ത് സുരേന്ദ്രന്റെ മകൻ അഭിലാഷ് (45) ആണ് ഫെബ്രുവരി 19 ന് യുകെയിൽ വാഹനാപകടത്തിൽ മരിച്ചത്.
സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: നിഷ. മകൻ: ആദിത്യ. സഹോദരൻ: അനീഷ്. മാതാവ്: പൊന്നമ്മ.
Kerala
കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പൂർണ വളർച്ചയെത്താത്ത പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നും രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും പോലീസ് പറഞ്ഞു.
മൃതദേഹത്തിന്റെ തലയിൽ മുറിവുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കളമേശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മറൈൻ ഡ്രൈവിൽ എത്തിയ രണ്ട് കുട്ടികളാണ് കായലിൽ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് സെൻട്രൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.
District News
കോതമംഗലം: ഭൂതത്താന്‍കെട്ട് പാലത്തിന് താഴെ പുഴയില്‍ അങ്കമാലി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് പറഞ്ഞു. അങ്കമാലി ചമ്പന്നൂര്‍ സൗത്ത് തിരുതനത്തി അഗസ്റ്റിന്റെ മകൻ ബിനില്‍ (32) നെയാണ് മരിച്ചനിലയില്‍ കണ്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍നിന്ന് ബിനിലിനെ കാണാതായതായി അങ്കമാലി പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇന്നലെ രാവിലെ പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ഷര്‍ട്ടും പാന്റ്സുമായിരുന്നു ധരിച്ചിരുന്നത്.
വിഷം കഴിച്ചശേഷം പുഴയിൽ ചാടിയതാകാമെന്നാണ് പോലീസ് നിഗമനം. കോതമംഗലം പോലീസ് എത്തി മേല്‍നടപടികൾ സ്വീകരിച്ച ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റുമോര്‍ട്ടത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
മാനസിക വെല്ലുവിളി നേരിട്ടിരുന്ന ബിനില്‍ വീടിന് സമീപത്തെ ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റിലെ ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 ന് ചമ്പന്നൂര്‍ സെന്റ് റീത്താസ് പള്ളിയിൽ.
മാതാവ്: ജെസി. സഹോദരങ്ങള്‍: അനില്‍, സിനില്‍.
Kerala
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.
വെളുപ്പിനെ ഒന്നോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.
District News
പത്തനംതിട്ട: ഓമല്ലൂര്‍ മാത്തൂരില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പട്ടൂര്‍ ചരുവില്‍ വീട്ടില്‍ ഗോപകുമാറിന്റെ മകന് അശ്വിന് (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് അശ്വിന് നദിയില്‍ വീണത്. വിവരം അറിഞ്ഞ് പത്തനംതിട്ട അഗ്നിരക്ഷാ സേന സ്കൂബാ ടീം നദിയില്‍ തെരച്ചില്‍ നടത്തിയിരുന്നു. രാത്രി വൈകിയതിനാല്‍ തെരച്ചില്‍ നിര്‍ത്തി.
വീണ്ടും ചൊവ്വാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പന്തളം എന്‍എസ്എസ് പോളി ടെക്നിക്കിലെ വിദ്യാര്‍ഥിയായിരുന്നു. മാതാവ് : സന്ധ്യ
Kerala
തൃശൂർ: വാളയാറിൽ ആൾക്കൂട്ടമർദനത്തെത്തുടർന്നു മരിച്ച ഛത്തീസ്ഗഡ് സ്വദേശി റാം നാരായണ്‍ ബാഗേലിന്റെ മൃതദേഹം ഭാര്യയും മക്കളും സഹോദരനുംചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് നെടുന്പാശേരി വിമാനത്താവളം വഴി രാവിലെ പതിനൊന്നോടെ മൃതദേഹവുമായി ബന്ധുക്കൾ റായ്പുരിലേക്കു യാത്രതിരിച്ചു. അവിടെനിന്ന് ആംബുലൻസിൽ ഛത്തീസ്ഗഡിലെ ഗ്രാമത്തിലെത്തിച്ചു. സംസ്ഥാന സർക്കാരാണു യാത്രാച്ചെലവുകൾ വഹിച്ചത്.
മരണവിവരമറിഞ്ഞ് ബന്ധുക്കൾ കേരളത്തിൽ എത്തിയിരുന്നെങ്കിലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഏറ്റുവാങ്ങാൻ ആദ്യം തയാറായിരുന്നില്ല. കുറ്റവാളികൾക്കെതിരേ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചനടത്തി കുടുംബത്തെ ആശ്വസിപ്പിച്ചാണ് തുടർനടപടികൾ സ്വീകരിച്ചത്.
റാം നാരായന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ തീരുമാനമായിരുന്നു. മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ച ചെയ്തശേഷം നഷ്ടപരിഹാരം കൈമാറും.
കേസിൽ അഞ്ചു പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ അനു, പ്രസാദ്, മുരളി, ആനന്ദൻ, ബിപിൻ എന്നിവരാണു പ്രതികൾ. ഇതിൽ ഒന്നും രണ്ടും പ്രതികൾ റാം നാരായന്റെ തലയിലും മുതുകിലും വടികൊണ്ടും കൈകൊണ്ടും അടിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. മൂന്നുമുതൽ അഞ്ചുവരെയുള്ള പ്രതികളും റാം നാരായണെ അടിക്കുകയും നിലത്തിട്ടുചവിട്ടുകയും ചെയ്തു. കേസിൽ പതിനഞ്ചോളം പേർക്കു പങ്കുള്ളതായി നേരത്തേ പോലീസ് പറഞ്ഞിരുന്നു. ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: വാളയാറിൽ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാം നാരായണന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം.
25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും എസ്സി, എസ്ടി നിയമപ്രകാരം കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ലഭിക്കുംവരെ കേരളത്തില്‍ തുടരുമെന്നും ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ചത്തിസ്ഗഡ് സ്വദേശി രാംനാരായണനാണ് കൊല്ലപ്പെട്ടത്. മോഷ്ടാവാണെന്ന് സംശയിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ചുകൊല്ലുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മർദനത്തിൽ സ്ത്രീകൾക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, സംഭവത്തില്‍ പ്രതികളായ പതിനാല് പേര് ആര്‍എസ്എസ് അനുഭാവികളെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന് പറഞ്ഞു. ഒരാള്‍ സിപിഎം അനുഭാവിയാണെന്നും എ. തങ്കപ്പന് വ്യക്തമാക്കി.
വാളയാറിലെ ആള്‍ക്കൂട്ടക്കൊല കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്. സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. മുഖം നോക്കാതെ നടപടി സ്വീകരിക്കണം. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കരുത്. രാംനാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും തങ്കപ്പന് പറഞ്ഞു.
Kerala
കാസർഗോഡ്: കള്ളാറിൽ ജനവാസകേന്ദ്രത്തിൽ പുലിയുടെ ജഡം കണ്ടെത്തി. ബളാൽ റോഡിൽ പുഞ്ചക്കര കോട്ടക്കുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ജഡം കണ്ടെത്തിയത്. രണ്ടാഴ്ചയോളം പഴക്കമുള്ളതായാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
വെറ്ററിനറി ഡോക്ടറെ സ്ഥലത്തെത്തിച്ച് പോസ്റ്റുമോർട്ടം നടത്താനാണു തീരുമാനം. വനമേഖലയിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് ഈ പ്രദേശം.
ഏതാനും നാളുകളായി ജില്ലയിൽ പലയിടങ്ങളിലും ജനവാസമേഖലകളിൽ പുലികളെ കാണുന്ന സംഭവങ്ങളുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പാപനാശം തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് അവർ തന്നെ മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ടൂറിസം പോലീസ് എത്തി വർക്കല സ്റ്റേഷനിലും അയിരൂർ സ്റ്റേഷനിലും വിവരമറിയിച്ചു. ഈ രണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലും കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കും.
ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും.
Kerala
കോൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. കേസിലെ പ്രതിയായ സഞ്ജയ് റോയിയുടെ അനന്തരവളായ സുരഞ്ജന സിംഗ്(11)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് ബൊവാനിപൊരേയിലെ വീട്ടിനുള്ളില കബോർഡിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ പിതാവിനെയും രണ്ടാനമ്മയേയും കൈയേറ്റം ചെയ്തിരുന്നു. സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗും രണ്ടാനമ്മ പൂജയും ചേർന്ന് കുട്ടിയെ മർദിച്ചിരുന്നതായാണ് അയൽവാസികൾ ആരോപിക്കുന്നത്.
നാട്ടുകാർ പൂജയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ട് പോയാണ് മർദിച്ചത്. ഭോലാ സിംഗിനെ ചെരിപ്പുകൊണ്ട് മർദിച്ചതായും ദൃക്സാക്ഷികൾ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി.
സ്ഥലത്തെത്തിയ പോലീസാണ് ദമ്പതികളെ നാട്ടുകാരിൽ നിന്ന് രക്ഷിച്ചത്. സഞ്ജയ് റോയിയുടെ സഹോദരി ബബിതയെ ആയിരുന്നു ഭോല സിംഗ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലുള്ള മകളാണ് കൊല്ലപ്പെട്ടത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് ബബിത ജീവനൊടുക്കിയതിന് പിന്നാലെ ബബിതയുടെ ഇളയ സഹോദരിയെ ഭോല സിംഗ് വിവാഹം ചെയ്യുകയായിരുന്നു. അലമാരിക്കുള്ളിലെ ഹാംഗറിലുണ്ടായിരുന്ന തുണിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൂജ ആശുപത്രിയിൽ പോയി തിരിച്ച് എത്തുമ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്ഷിതാക്കൾ കുട്ടിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി അയൽവാസികൾ ആരോപിച്ചു.
രാത്രി വൈകിയും പുലർച്ചെയും കുട്ടിയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നത് പതിവായിരുന്നുവെന്നും ബെൽറ്റിന് അടിക്കുകയും തല ഭിത്തിയിൽ പിടിച്ച് ഇടിച്ചിരുന്നതായും അയൽവാസികൾ പറഞ്ഞു.
കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്നാണ് വിവരം.
കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അലമാരയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനെമെങ്കിലും കൊലപാതക സാധ്യത അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. കുടുംബത്തിലെ ആരും ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.
Kerala
പുനലൂർ: മുക്കടവ് ഭാഗത്തെ ആളൊഴിഞ്ഞ തോട്ടത്തിൽ റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കാണപ്പെട്ടതു മധ്യവയസ്കന്റെ മൃതദേഹമാണെന്നു തെളിഞ്ഞു. മൃതദേഹത്തിനു പത്തു ദിവസത്തിൽ കൂടുതൽ പഴക്കമുള്ളതായും പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ചങ്ങലയിൽ ബന്ധിച്ചിരുന്ന മൃതദേഹത്തിന്റെ പൂട്ട് അറുത്താണ് ജീർണിച്ച മൃതദേഹം പുറത്തെടുത്തത്. ഇതിന്റെ താക്കോൽ കണ്ടെത്താനുള്ള പരിശോധനയും നടന്നു വരുന്നു. ഇങ്ങനെ വിരലടയാളം ശേഖരിയ്ക്കാൻ കഴിയുമോയെന്നും പോലീസ് നിരീക്ഷിയ്ക്കുന്നു.
മൃതദേഹത്തിൽ ആസിഡ് ഒഴിച്ചതായും സൂചനയുണ്ട്. അതുകൊണ്ടാകാം പ്രദേശത്ത് വലിയ ദുർഗന്ധമുണ്ടാകാതിരുന്നതെന്നും അനുമാനിക്കുന്നു. റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയതു കഴിഞ്ഞ ദിവസമാണ്. ഇന്നാണ് മൃതദേഹം മധ്യവയസ്ക്കന്റേതാണെന്നു സ്ഥീരികരിച്ചത്.
മുക്കടവ് ജംഗ്ഷനിൽ ആളൊഴിഞ്ഞ ഉയരത്തിലുള്ള ഭാഗത്ത് ആളുകേറാമലയിലെ റബർതോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ തോട്ടത്തിൽ അടുത്ത കാലത്തായി റബർ ടാപ്പിംഗ് നടക്കുന്നില്ല. ശങ്കരൻകോവിൽ സ്വദേശിയായ സുരേഷ് കഴിഞ്ഞ ദിവസം ഉച്ചയോടെ തോട്ടത്തിൽ മുളക് ശേഖരിക്കാൻ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
കൈകാലുകൾ വലിയ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ചു മരത്തിൽ പൂട്ടിയ നിലയിൽ തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു സമീപത്തുനിന്ന് ബാഗ്, കത്രിക, കന്നാസ്, കുപ്പി എന്നിവ കണ്ടെത്തിയിരുന്നു.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്. കൊല്ലത്ത് നിന്ന് ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി, പുനലൂർ ഡിവൈഎസ്പി എന്നിവരും സ്ഥലത്തെത്തി.
Kerala
കൊച്ചി: കോതമംഗലത്ത് ആൾ താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് ദുർഗന്ധം വരുന്നെന്ന് പോലീസിൽ അറിയിച്ചത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്പി ഹേമലതയും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.