കാഞ്ഞങ്ങാട്: ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്ന തെറ്റായ വിവരം നൽകി പോലീസിനെയും റെയിൽവേ അധികൃതരെയും യാത്രക്കാരെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ യുവാവ് അറസ്റ്റിൽ. മടിക്കൈ ബങ്കളം സ്വദേശി പി.വി. രതീഷി (42) നെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഭീഷണിയെത്തുടർന്ന് ബുധനാഴ്ച രാത്രി എത്തിയ നേത്രാവതി, മലബാർ, പരശുറാം എക്സ്പ്രസ് വണ്ടികൾ വിവിധ സ്റ്റേഷനുകളിൽ നിർത്തി പരിശോധന നടത്തിയിരുന്നു.
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് എമർജൻസി നമ്പറായ 112 വഴി ഹൊസ്ദുർഗ്, കാസർഗോഡ് പോലീസ് സ്റ്റേഷനുകളിലേക്കും കാസർഗോഡ് റെയിൽവേ പോലീസിനും സന്ദേശമെത്തിയത്. ഇതോടെ വിവിധ റെയിൽവേ സ്റ്റേഷനുകളിലേക്ക് ജാഗ്രതാ നിർദേശം നൽകി. ബോംബ് സ്ക്വാഡിന്റെയും പോലീസ് നായയുടെയും സഹായത്തോടെ ട്രെയിനുകളിൽ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ ട്രെയിനുകൾ ഏറെ വൈകിയത് യാത്രക്കാരെ വലയ്ക്കുകയും ചെയ്തു. മലബാർ എക്സ്പ്രസ് കണ്ണൂരിലും പരശുറാം എക്സ്പ്രസ് കാസർഗോട്ടുമാണ് പരിശോധനയ്ക്കായി നിർത്തിയിട്ടത്.
സന്ദേശം വന്ന നമ്പറിന്റെ ലൊക്കേഷൻ ആദ്യം കാഞ്ഞങ്ങാട്ടും പിന്നീട് മാവുങ്കാലിലുമാണ് കാണിച്ചത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനിൽ കുമാർ, സിഐ കെ. ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മദ്യപിച്ച നിലയിൽ മാവുങ്കാൽ മേൽപ്പാലത്തിനു കീഴെ ഇരിക്കുകയായിരുന്ന രതീഷിനെ പിടികൂടിയത്.
കാഞ്ഞങ്ങാട് ബിവറേജസ് കൗണ്ടറിനു സമീപത്തുവച്ച് ജാർഖണ്ഡ് സ്വദേശികളായ രണ്ടു സ്ത്രീകൾ തന്നോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചെന്നും അവരുടെ കൈയിൽ ബോംബുള്ളതായി പിന്നീട് സംശയം തോന്നിയിട്ടാണ് താൻ എമർജൻസി നമ്പറിൽ വിളിച്ചുപറഞ്ഞതെന്നുമാണ് ഇയാൾ പോലീസിനോടു പറഞ്ഞത്. നേരത്തേ മദ്യലഹരിയിൽ അക്രമം നടത്തുകയും സ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ ഇയാൾ പ്രതിയായിരുന്നു. ഈ കേസിൽ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.