ന്യൂഡൽഹി: നേപ്പാളിലെ മിന്നൽപ്രളയം അതിർത്തി സംസ്ഥാനങ്ങളായ ബിഹാറിലും ഉത്തർപ്രദേശിലും ഇതുവരെ സാരമായി ബാധിച്ചിട്ടില്ലെന്ന് ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.
ഇരുസംസ്ഥാനങ്ങളിലെയും സർക്കാരുകളുമായി സഹകരിച്ച് സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും എൻഡിആർഎഫ് വ്യക്തമാക്കി. വെള്ളപ്പൊക്കമുണ്ടായാൽ ഉടനടി രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി 20 യൂണിറ്റ് എൻഡിആർഎഫ് സംഘങ്ങളെ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇതിൽ ഒന്പതു യൂണിറ്റിനെ ബിഹാറിലും 11 യൂണിറ്റിനെ ഉത്തർപ്രദേശിലുമാണു വിന്യസിച്ചിരിക്കുന്നത്.
യുപിയിലും ബിഹാറിലും ഇതുവരെ പ്രളയത്തിന്റെ പ്രത്യാഘാതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ജല കമ്മീഷൻ സ്ഥിതിഗതികൾ തത്സമയം നിരീക്ഷിക്കുന്നുണ്ടെന്നും എൻഡിആർഎഫ് ഇൻസ്പെക്ടർ ജനറൽ നരേന്ദ്ര സിംഗ് ബുന്ദേല പറഞ്ഞു. ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ വാല്മീകി നഗറിലുള്ള ഗന്ധക് നദിക്ക് കുറുകെയുള്ള ആദ്യ ബാരേജിലെ സ്ഥിതി നിലവിൽ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.