പേരാമ്പ്ര: ഇടതുമുന്നണി കണ്‍വീനറും സിപിഎം മുതിര്‍ന്ന നേതാവുമായ ടി.പി.രാമകൃഷ്ണന് അടിപതറിയത് നാലാമങ്കത്തില്‍. ടി.പി.യുടെ പേരാമ്പ്രയിലെ നാലാമത്തെ അങ്കമായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ തവണ 22,592 വോട്ടുകള്‍ നേടി വന്‍ വിജയം നേടിയ ടി.പി രാമകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്ക് മുന്പില് അടിയറവ് പറഞ്ഞത്.
ടി.പിയുടെ എതിരാളിയായി തഹ്ലിയഎത്തിയത് മുതല്‍ പേരാമ്പ്ര മണ്ഡലം ശ്രദ്ധാ കേന്ദ്രമായി. മിക്ക തിരഞ്ഞെടുപ്പ് പ്രവചനങ്ങളും പേരാമ്പ്രയില്‍ യുഡിഎഫിന് വിജയം പ്രവചിച്ചിരുന്നു. എങ്കിലും ഇടതു പക്ഷത്തിന്റെ ഉരുക്കു കോട്ടയായ പേരാമ്പ്ര ഇടതു പക്ഷത്തിനൊപ്പം തന്നെ നില്‍ക്കുമെന്നായിരുന്നു പലരും കരുതിയത്. ബിജെപി, കോണ്‍ഗ്രസ് വോട്ടുകളില്‍ ഉണ്ടാവുന്ന വിള്ളലുകള്‍ തങ്ങള്‍ക്ക് അനുകൂലമായാല്‍ നേരിയ ഭൂരിപക്ഷത്തിനെങ്കിലും കര കയറാമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം നേതാക്കള്‍.
കഴിഞ്ഞ തവണ 11,165 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥി കെ.വി. സുധീര്‍ കുമാറിന് ലഭിച്ചപ്പോള്‍ ഇത്തവണ 13,042 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥി എം. മോഹനന് ലഭിച്ചു. അതോടെ ആ പ്രതീക്ഷയും അസ്ഥാനത്തായി.ഫാത്തിമ തഹ് ലിയക്ക് 81,429 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ടി.പി. രാമകൃഷ്ണന് 76,342 വോട്ടുകളാണ് ലഭിച്ചത്. 2021 ല്‍ ടി.പി രാമകൃഷ്ണന് 86,023 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സി.എച്ച് ഇബ്രാഹിം കുട്ടിക്ക് 63431 വോട്ടുകളാണ് ലഭിച്ചത്.
കഴിഞ്ഞ തവണ ടി.പി രാമകൃഷ്ണന് ലഭിച്ച വോട്ടുകളെക്കാള്‍ 4,594 വോട്ടുകളുടെ കുറവാണ് തഹ് ലിയക്ക് ലഭിച്ച ആകെ വോട്ടുകള്‍.